Skip to main content

ജാഗ്രത: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു.

 

ആലപ്പുഴ: നിയന്ത്രണങ്ങള്‍ ഇളവു ചെയ്തതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന ഈ ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു.  സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുകയും മരണ നിരക്ക് കൂടുകയും ചെയ്യുന്നു. മാസ്‌ക് ധരിക്കുക, പരസ്പരം അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക എന്നീ പ്രാഥമിക പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന പ്രവണത കൂടി വരുന്നു. ഈ സാഹചര്യത്തില്‍ 'ബാക്ക് ടു ബേസിക്സ് ' എന്ന പേരില്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഒരു ക്യാമ്പയിന്‍ നടത്തുന്നു. ഉറപ്പായും പാലിക്കേണ്ട പ്രതിരോധ ശീലങ്ങള്‍ പാലിച്ചു വന്നിരുന്നുവെങ്കിലും നിത്യജീവിതത്തിലെ തിരക്കില്‍ പലതും മറന്ന രീതിയില്‍ പെരുമാറുന്നത് വ്യാപനം കൂടുന്നതിന്റെ പ്രധാന കാരണമാണ്. നിര്‍ദ്ദേശങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ഓരോ വ്യക്തിയും സ്വയമുറപ്പാക്കണം. ഇടപെടുന്നവരുമായി രണ്ടു മീറ്റര്‍ അകലം എല്ലായ്പ്പോഴും ഉറപ്പാക്കണം. വൃത്തിയുള്ള സുരക്ഷയുറപ്പാക്കുന്ന മാസ്‌ക് മൂക്കും വായും മൂടും വിധം എവിടെയാണെങ്കിലും എല്ലായ്പ്പോഴും ധരിക്കുക. ചുറ്റുപാടുമുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കേണ്ടി വന്നാല്‍ കൈകള്‍ ഉടനെ സാനിട്ടൈസ് ചെയ്യുക. കഴിയുമ്പോഴൊക്കെ സോപ്പും വെള്ളവുമുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. മറ്റുള്ളവരുമായി ഇടപെടുന്നത് പരമാവധി കുറയ്ക്കുക. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുക. പ്രായമുള്ളവരും പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളും ഗര്‍ഭിണികളും, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരും വീട്ടില്‍ തന്നെ കഴിയുക. പുറത്തു പോയി തിരികെ വീട്ടിലെത്തുമ്പോള്‍ കുളിച്ചു വസ്ത്രങ്ങള്‍ കഴുകിയ ശേഷം മറ്റുള്ളവരുമായി ഇടപെടുക. രോഗം പിടിപെടാന്‍ സാധ്യതയുള്ള പ്രായമുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവരുമായി ഇടപഴകാതിരിക്കുക. പനി, ചുമ, തൊണ്ടവേദന, വയറിളക്കം, ഗന്ധമറിയാതിരിക്കുക, രുചിയറിയാതിരിക്കുക എന്നിവ കോവിഡിന്റെ ലക്ഷണങ്ങളാണ്. പനിയുടെ ലക്ഷണങ്ങള്‍ അവഗണിക്കരുത്. സ്വയം ചികിത്സ പാടില്ല. പനിയുണ്ടെന്ന് തോന്നിയാല്‍ മറ്റുള്ളവരില്‍ നിന്നും അകന്ന് റൂം ക്വാറന്റൈന്‍ ഉറപ്പാക്കുക. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date