Skip to main content

 വൈദ്യുതി പോസ്റ്റുകളിലെ  പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും

    വൈദ്യുതി അപകട നിവാരണ കമ്മിറ്റിയുടെ  ജില്ലാതലഅവലോകന യോഗം എ.ഡി.എം: എന്‍. ദേവീദാസിന്റെ  അധ്യക്ഷതയില്‍  ചേമ്പറില്‍  നടന്നു. കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, ഡി. വൈ. എസ്. പി. (അഡ്മിനിസ്‌ട്രേഷന്‍), ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, പി.ഡബ്ല്യൂ.ഡി (റോഡ്‌സ്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ. എസ്.ഇ. ബി. കാസറഗോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കാഞ്ഞങ്ങാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി. എം. യു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സേഫ്റ്റി കോര്‍ഡിനേറ്റര്‍) എന്നിവര്‍ സംബന്ധിച്ചു.
     വൈദ്യുതി പോസ്റ്റുകളിലും മറ്റു പ്രതിഷ്ഠാപനങ്ങളിലും സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുവാനും പുതിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാതിരിക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പൊതുസ്ഥലങ്ങളില്‍ ഉത്സവങ്ങളുടെയും മറ്റു ആഘോഷങ്ങളുടെയും ഭാഗമായി സ്ഥാപിക്കുന്ന ലൈറ്റുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.  മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നടത്തുന്ന തെരുവ് വിളക്ക് റിപ്പയറിങ് ജോലികള്‍ ബന്ധപ്പെട്ട വൈദ്യുതി വകുപ്പ് ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് അംഗീകൃത കരാറുകാരെക്കൊണ്ട് മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.     കെ.എസ്.ഇ.ബി. യുടെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നും ഓയില്‍ മോഷണം പോവുന്നത് സംബന്ധിച്ച് സി. സി. ടി. വി. ദൃശ്യങ്ങളുടെ സഹായത്തോടുകൂടി കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.വൈ.എസ്.പി.യോട് യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷന്‍ യോഗങ്ങളിലും വൈദ്യുതി സുരക്ഷാബോധവത്കരണ ക്ലാസ് നടത്തും. തുടര്‍ന്നുള്ള യോഗങ്ങളില്‍ ഫയര്‍ ഫോഴ്‌സ് അധികൃതരെയും, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും ഉള്‍പെടുത്താന്‍ ധാരണയായി.
                               

date