Skip to main content

എല്ലാ കുട്ടികള്‍ക്കും  ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കല്‍ സര്‍ക്കാര്‍  ലക്ഷ്യം   - മുഖ്യമന്ത്രി 

 

 

 

 സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ഏഴ് വിദ്യാലയങ്ങളിലുള്‍പ്പെടെ  സംസ്ഥാനത്തെ  111 വിദ്യാലയങ്ങളിലെ നവീകരിച്ചതും പുതുതായി നിര്‍മ്മിച്ചതുമായ  കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
 സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയ്ക്ക്  മാറ്റംവന്നെന്നും  രാജ്യാന്തരനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍  ശ്രമിച്ചതെന്നുംഅദ്ദേഹം പറഞ്ഞു.

 കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയത് 6.80 ലക്ഷത്തിലധികം കുട്ടികളാണ്.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വഴി വിവിധ മേഖലകളിലായി 62000 കോടി രൂപയുടെ  പദ്ധതികളാണ് ചെയ്യുന്നത്. 50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. കോവിഡ് കാലത്തെ  ഓണ്‍ലൈന്‍  വിദ്യാഭ്യാസം നല്‍കല്‍ പൂര്‍ണ വിജയമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യ  മന്ത്രി ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

 ജില്ലയില്‍ ഏഴ് വിദ്യാലയങ്ങളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
ജി. എച്ച്. എസ്. എസ് നരിക്കുനിക്ക് കിഫ്ബി ഫണ്ടില്‍ നിന്നു മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. മീഞ്ചന്ത ജി. വി. എച്ച്. എസ്. എസ് 1 കോടി രൂപ, മടപ്പള്ളി ജി. വി. എച്ച്. എസ്. എസ് 1.8 കോടി, കോതമംഗലം ജി. എല്‍. പി സ്‌കൂള്‍, കുമ്പളച്ചോല ജി. എല്‍. പി സ്‌കൂള്‍ എന്നിവക്ക് ഒരു കോടി,  ജി. എല്‍. പി സ്‌കൂള്‍ പയ്യടി മീത്തല്‍ 19 ലക്ഷം,  ജി. എല്‍. പി സ്‌കൂള്‍ ചെലവൂര്‍ 1.36 ലക്ഷം രൂപ എന്നിങ്ങനെയാണ് കെട്ടിട നിര്‍മ്മാണത്തിനായി തുക ചെലവഴിച്ചത്.

വിവിധ കേന്ദ്രങ്ങളിലായി നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ എം. എല്‍. എ.മാരായ ഇ. കെ. വിജയന്‍, കെ. ദാസന്‍, കാരാട്ട് റസാക്ക്, എ. പ്രദീപ് കുമാര്‍, സി. കെ. നാണു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date