Skip to main content

ചേർത്തല ഓട്ടോ കാസ്റ്റിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി - ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിംഗ്‌ സ്റ്റേഷന്റെ  ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു

 

ആലപ്പുഴ : സംസ്ഥാനത്തെ ഇരുമ്പുരുക്ക് കാസ്റ്റിംഗ്‌ നിർമ്മാണ യൂണിറ്റായ ഓട്ടോകാസ്റ്റിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷന്റെയും, ബോഗി നിർമ്മാണത്തിനുള്ള
ആർക്ക് ഫർണസിന്റെയും ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഓൺലൈനായി നിർവ്വഹിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വളർച്ചയുടെ സുവർണ്ണകാലഘട്ടമായിരുന്നു. കോവിഡും പ്രളയവുമൊക്കെ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും  സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വളർച്ചയിലേക്ക് പിടിച്ചുയർത്താൻ സർക്കാരിന് സാധിച്ചു. വൈവിധ്യവൽക്കരണവും നവീകരണ പ്രവർത്തനങ്ങളും ഉൾപ്പെടെ നടത്തി ദക്ഷിണേന്ത്യയിലെ തന്നെ മികച്ച പൊതുമേഖലാ സ്ഥാപനമായി ഓട്ടോകാസ്റ്റ് മാറിക്കഴിഞ്ഞു. ഗുണനിലവാരത്തിലും ഏറെ മുന്നിലാണ് ഇവിടുത്തെ ഉൽപ്പന്നങ്ങളെന്നും മന്ത്രി പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഉല്പാദനച്ചെലവ് കുറയ്ക്കാൻ സ്ഥാപനം ഏറ്റെടുത്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനങ്ങളുടെ വൈദ്യുത ചാർജിങ് സ്റ്റേഷൻ അടക്കമുള്ള പദ്ധതികൾ ദീർഘവീക്ഷണത്തോടെയുള്ളവയാണ്. പരിസ്ഥിതി സൗഹൃദമായ ഇത്തരം തീരുമാനം വിജയകരമാകുമെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു. സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതോടെ വൈദ്യുതി ഇനത്തിൽ 20 ലക്ഷം രൂപ ഓട്ടോ കാസ്റ്റിനു ലാഭിക്കാനാകും. ഇതുവഴി ഓട്ടോ കാസ്റ്റിനെ വലിയ നേട്ടത്തിലേക്ക് നയിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.  പ്രതിമാസ ഉത്പാദനം 500 മെട്രിക് ടൺ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഡിസംബറിൽ 400 മെട്രിക് ടൺ ഉൽപ്പാദനം കൈവരിച്ചുകഴിഞ്ഞു. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഇച്ഛാശക്തി കൊണ്ടാണ് പ്രതിസന്ധികളെ അതിജീവിച്ചും മുന്നേറാൻ ഓട്ടോകാസ്റ്റിനു തുണയായതെന്നും സംസ്ഥാനത്തെ മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാതൃകയാണ് ഓട്ടോകാസ്റ്റിന്റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. 

രണ്ട് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുടെ
നിർമ്മാണോദ്ഘാടനം ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ.ടി എം 
തോമസ് ഐസക് നിർവ്വഹിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ
സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മന്ത്രി പറഞ്ഞു.

അടുത്ത വർഷം മുതൽ 500 ടണ്ണിനു മുകളിൽ ഉൽപാദനം തുടർച്ചയായി നടത്താൻ ഓട്ടോ കാസ്റ്റിനു സാധിക്കും.  ചിലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ കൂടി സൃഷ്ടിക്കപ്പെടുകയാണ്. ചരിത്രനേട്ടത്തിലേക്കു സ്ഥാപനത്തെ  എത്തിക്കുവാൻ എല്ലാ ഭാഗത്തുനിന്നും സംഘടിതമായ ശ്രമം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.  കേരളം മാറ്റത്തിന്റെ വക്കിലാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഈ മാറ്റം കാണാൻ സാധിക്കും. വളർന്നുവരുന്ന പുതുതലമുറയ്ക്ക് ഭാവിയിൽ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയണം. അതിലേക്ക് കേരളം മാറണമെന്നും മന്ത്രി പറഞ്ഞു. 

കാസ്റ്റിംഗുകളുടെ കൃത്യത ഉറപ്പ് വരുത്തുന്ന കമ്പ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ മെഷീൻ, ഹൈഡ്രോളിക് പ്രസ്, ട്രാൻസ്ഫോർമറുകൾ
എന്നിവയുടെ ഉദ്ഘാടനം
ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിർവ്വഹിച്ചു. ഈ  സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഓട്ടോകാസ്റ്റിനെ മികച്ച രീതിയിൽ കൊണ്ടുവരാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന പൊതുമേഖലാ സ്ഥാപനത്തെ ലാഭത്തിലേക്ക് പിടിച്ചുയർത്തിയത് ഈ സർക്കാരിന്റെ കാലത്താണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ  ഉറച്ച നിലപാടുമായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം നിന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണവും നവീകരണ നടപടികളും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.

ഷോട്ട് ബ്ലാസ്റ്റിംഗ് മെഷീൻ
അഡ്വ.എ.എം.ആരീഫ് എം.പിയും,
നോളജ് സെൻറർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരിയും
ഉദ്ഘാടനം ചെയ്തു. കെ എസ് ഡി പി ചെയർമാൻ സി.ബി ചന്ദ്രബാബു,
ഓട്ടോകാസ്റ്റ് ഡയറക്റ്റർ കെ.രാജപ്പൻ നായർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
വി.ജി.മോഹനൻ, മാരാരിക്കും വടക്ക് പഞ്ചായത്ത് പ്രസിഡൻറ്
സുദർശന ഭായി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ഗീതാ കാർത്തികേയൻ, ചെയർമാൻ കെ.എസ് പ്രദീപ് കുമാർ, ഡയറക്റ്റർ
എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ആട്ടോകാസ്റ്റ്
മാനേജിംഗ്‌ ഡയറക്റ്റർ
വി അനിൽകുമാർ
റിപ്പോർട്ട് അവതരിപ്പിച്ചു.

date