Skip to main content

വൈവിധ്യങ്ങളുമായി വ്യാപര - വിപണന മേളക്ക് ഇന്ന് തുടക്കമാവും

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന പ്രദര്‍ശന, വിപണന മേളയ്ക്ക് ഇന്ന് (മെയ് ഏഴിന്). ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ മെയ് 13 വരെയാണ് മേളയുള്ളത്.  മേളയുടെ ഉദ്ഘാടനം മെയ് ഏഴിന് വൈകീട്ട് മൂന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലയിലെ എം.പി മാര്‍ എം.എല്‍.എ മാര്‍ മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയുടെ സമഗ്ര വിവരം ഉള്‍പ്പെടുത്തി ജില്ലാഭരണകൂടെ തയ്യാറാക്കിയ മൊബൈല്‍ ആപ് മന്ത്രി കെടി ജലീല്‍ പ്രകാശനം ചെയ്യും.  
വിവിധ വകുപ്പുകളുടെ 90 സ്റ്റാളുകള്‍ മേളിയുലുണ്ടാവും. വിവിധ സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണവും മേളയുടെ ആകര്‍ഷണമാണ്. ജില്ലയുടെ തനത് രുചികള്‍ ഉള്‍കൊളിച്ച് കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഇതോടൊപ്പമുണ്ടാവും. കടല്‍വിഭവങ്ങളുടെ രുചിയുമായി ഫിഷറീസ് വകുപ്പും സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന കലാപരിപാടികളും സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും. വൈകീട്ട് മൂന്ന് മുതല്‍ 10 വരെ നടക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

ഇന്ന് കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ബാന്‍ഡ്
വ്യാപാര - വിപണന മേളയില്‍ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കണ്ണൂര്‍ ഷരീഫും സംഘവും അവതരിപ്പിക്കുന്ന 'ഇശല്‍ബാന്‍ഡ്' ഉണ്ടാവും. വൈകീട്ട് ഏഴിനാണ് സാംസ്‌കാരിക പരിപാടി നടക്കുന്നത്. മേളയുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് വിവിധ കലാപരിപാടികള്‍ നടക്കും.  വിവിധ ദിവസങ്ങളിലായി നാടന്‍പാട്ട്, മാപ്പിള കലാമേള, നാടകം എന്നിവ അരങ്ങേറും

 

date