Skip to main content

സ്കൂളിലെ കോവിഡ് സ്ഥിരീകരണം: ജില്ലയിലെ മുഴുവൻ സ്കൂളുകളും ജാഗ്രത പുലർത്തണം

 

 

മാറഞ്ചേരി ഹയര്‍സെക്കൻഡറി സ്കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

 

 മാറഞ്ചേരി ഗവ. ഹയര്‍സെക്കൻഡറി  സ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന 14 വയസ്സുള്ള ആണ്‍കുട്ടിയെ ഫെബ്രുവരി ഒന്നിന്  മാറഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്രവ പരിശോധനക്കായി റഫര്‍ ചെയ്യുകയും അന്‍റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം  സ്കൂളിലെ മൂന്ന് അധ്യാപകര്‍ രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആന്‍റിജന്‍ പരിശോധന നടത്തുകയും  നെഗറ്റീവ് ആണെന്ന് റിസള്‍ട്ട് വരികയും ചെയ്തു. വിദ്യാര്‍ത്ഥി പോസിറ്റീവ് ആവുകയും അധ്യാപകര്‍ രോഗലക്ഷണം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ പ്രദേശത്ത് രോഗ ബാധ പടര്‍ന്നിട്ടുണ്ടോ  എന്നറിയുന്നതിനുള്ള  പരിശോധന നടത്തിയിരുന്നു. മാറഞ്ചേരി സ്കൂളില്‍ 582 കുട്ടികളെ പരിശോധിച്ചപ്പോള്‍ 148 കുട്ടികളും 50 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ 39 പേരും പോസിറ്റീവ് ആയി.

 

 

വന്നേരി സ്കൂളിലെ ഒരു അധ്യാപകനും രോഗ ബാധ സ്ഥിരീകരിച്ചതിനാല്‍  സ്കൂളിലും പരിശോധന നടത്തി. വന്നെരി സ്കൂളില്‍ 49 കുട്ടികളെ പരിശോധിച്ചപ്പോള്‍ 39 പേർ പോസിറ്റീവ് ആയി. 36 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ 36 പേരും പോസിറ്റീവ് ആയി. പ്രദേശത്ത് കര്‍ശന നിരീക്ഷണം തുടരുന്നതായും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ഡി എം ഒ അറിയിച്ചു.  ഇപ്പോൾ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവരെയും വരും ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കൻ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

date