Skip to main content

സ്കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

 

 

 *കുട്ടികള്‍ തമ്മിൽ രണ്ട് മീറ്റര്‍ ശാരീരി അകലം പാലിക്കണം. ഇതിനായി ആവശ്യമെങ്കില്‍ മറ്റു ക്ലാസ്റൂമുകള്‍ കൂടി ഉപയോഗപ്പെടുത്തണം.

 

 *കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍), രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ക്വാറന്‍റൈനില്‍ ഉള്ളവര്‍, കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളുടെ വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കു ശേഷം മാത്രമേ സ്കൂളുകളില്‍ ഹാജരാകുവാന്‍ പാടുള്ളൂ.

 

 *സ്കൂള്‍ പരിസരം, ഫര്‍ണിച്ചറുകള്‍, സ്റ്റേഷനറി, സ്റ്റോര്‍ റൂം, വാട്ടര്‍ടാങ്ക്, അടുക്കള, സ്കൂള്‍ കാന്‍റീന്‍, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കണം.

 

  *കോവിഡ് 19 - നൊപ്പം ജലജന്യരോഗങ്ങളും കണ്ടുതുടങ്ങിയിട്ടുള്ളതിനാല്‍     കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായും ബ്ലീച്ചിങ്ങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.പ്രാഥമ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്  ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തണം.

 

 *പഴയ ഭക്ഷണ സാധനങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കി പുതിയവ ഉപയോഗിച്ച് മാത്രം ഭക്ഷണം ഉണ്ടാക്കണം.

 

 *സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍തെര്‍മോമീറ്റര്‍,സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ സജ്ജീകരിക്കണം.

 

 *കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം കുട്ടികള്‍ ക്ലാസ്സുകളില്‍ ഇരിക്കേണ്ടത്. സ്റ്റാഫ് റൂമിലും അധ്യാപകര്‍ക്ക് നിശ്ചിത അകലം പാലിച്ച് കൊണ്ടുള്ള  ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.

 

 *സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ക്ലാസ്സ് റൂമുകള്‍, ലൈബ്രറികള്‍, കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്റൂമിന് പുറത്ത്, സ്കൂള്‍ ബസ് തുടങ്ങിയ ഇടങ്ങളില്‍ പതിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 *കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്റൂം      തുടങ്ങിയ സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനായി നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകള്‍ വരുത്തണം.

 

  *കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം.

 

* സ്കൂള്‍ വാഹനത്തിനുള്ളിലും മറ്റ് വാഹനങ്ങളിലും എല്ലാവരും സാമൂഹിക അകലം പാലിക്കുക. സ്കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് തെര്‍മല്‍ സ്ക്രീനിംഗ് നടത്തണം.വാഹനങ്ങള്‍ക്കുള്ളില്‍ മാസ്ക് നിര്‍ബന്ധമാക്കണം. വാഹനത്തിന്‍റെ ജനാലകളില്‍ കര്‍ട്ടനുകള്‍ ഇടാതിരിക്കുക. എല്ലാ ജനാലകളും തുറന്നിടാന്‍ ശ്രദ്ധിക്കണം.

 

  *കോവിഡ് രോഗബാധിതര്‍, ക്വാറന്‍റൈനില്‍ കഴിയുന്ന അദ്ധ്യാപകര്‍ എന്നിവര്‍ പ്രസ്തുത വിവരം പ്രഥമാദ്ധ്യാപകരെ രേഖാമൂലം അറിയിക്കണം.അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ പ്രഥമധ്യാപകര്‍ സ്കൂളുകളില്‍ വരുത്തണം.

 

 *കുട്ടികളുടെ തിരക്ക് ഒഴിവാക്കുന്നതിനായി സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം. ഓരോ സ്കൂളിലെയും സാഹചര്യം കണക്കിലെടുത്ത് സ്കൂള്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിന് നേതൃത്വം നല്‍കുക. ഓരോ ഷിഫ്റ്റിലും എത്തിച്ചേരുന്ന കുട്ടികള്‍, എത്തിച്ചേരേണ്ട അധ്യാപകര്‍, റിവിഷന്‍ നടത്താനുദ്ദേശിക്കുന്ന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച വ്യക്തത സ്കൂള്‍തലത്തില്‍ ഉണ്ടാകണം.

 

 *രക്ഷകര്‍ത്താക്കളുടെ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഇക്കാര്യം മുന്‍കൂട്ടി രക്ഷകര്‍ത്താക്കളെ അറിയിക്കണം.

 

 *എല്ലാ സ്കൂളുകളിലും പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ സ്കൂള്‍ കോവിഡ് സെല്‍ രൂപീകരിക്കേണ്ടതും കോവിഡ് സെല്ലില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍നിന്നും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് (ജെ.പി.എച്ച്.എന്‍) എന്നിവര്‍ ഉണ്ടായിരിക്കണം.

date