Skip to main content

ആർ കെ എൽ എസ് പദ്ധതി: രണ്ടാം ഗഡു ജില്ലാതല വിതരണോദ്ഘാടനം ഇന്ന് (ഫെബ്രു. 13) 

 

റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം (ആർ കെ എൽ എസ്) പദ്ധതി പ്രകാരം അയൽക്കൂട്ടങ്ങൾക്കുള്ള രണ്ടാം ഗഡുവിന്റെ വിതരണം ഇന്ന് (ഫെബ്രു. 13) നടക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10ന് നടക്കുന്ന ജില്ലാതല വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും.

ജില്ലയിൽ അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശയിനത്തിൽ 22.53 കോടി രൂപയാണ് രണ്ടാം ഗഡുവായി വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒന്നാം ഗഡുവായ 29.13 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നത് 2020 ഫെബ്രുവരിയിൽ വിതരണം ചെയ്തിരുന്നു. 

പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ടവർ, വീടുകള്‍ക്ക് ചെറിയ തോതിലുള്ള അറ്റകുറ്റപണികള്‍ ആവശ്യമായിട്ടുള്ളവർ എന്നീ വിഷമതകൾ നേരിടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം (ആർ കെ എൽ എസ്) പദ്ധതി ആവിഷ്കരിച്ചത്.
 ഇതുപ്രകാരം  അയല്‍ക്കൂട്ടങ്ങള്‍ വഴി ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കി.  പദ്ധതി പ്രകാരം 6837 അയല്‍ക്കൂട്ടങ്ങള്‍ക്ക് 353.90 കോടി വായ്പ ലഭ്യമാക്കി. ലഭ്യമാക്കിയ  വായ്പയുടെ പലിശയുള്‍പ്പെടെയുള്ള തിരിച്ചടവ് അയല്‍ക്കൂട്ടങ്ങള്‍ നടത്തി വരികയാണ്. ഈ വായ്പയുടെ പലിശയിനത്തിൽ നിന്നാണ് ഗഡുക്കളായി തുക അനുവദിക്കുന്നത്.

ജില്ലയിലെ 6837 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ 43846 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. വായ്പ കൃത്യമായി തിരിച്ചടവ് വരുത്തിയിട്ടുളള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അവരുടെ അയല്‍ക്കൂട്ടത്തിന്‍റെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് പലിശ നേരിട്ട് നല്‍കുന്നതാണ്.
ഇ ടി ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയാകും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ പദ്ധതി വിശദീകരിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി എം മുഹമ്മദ്, കെ എസ് ജയ, വിവിധ  ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ജില്ലയിലെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 18 സി ഡി എസ് ചെയര്‍പേഴ്സണ്‍മാരെ ആദരിക്കല്‍,  ദേശീയ അവാര്‍ഡ് നേടിയ എറിയാട് പഞ്ചായത്തിലെ സി ഡി എസിലെ ഉഷസ്സ് അയല്‍ക്കൂട്ടത്തിനെ ആദരിക്കല്‍, കുടുംബശ്രീയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന രേഖ പ്രകാശനം, പി എസ് സി ഒന്നാം റാങ്ക് നേടിയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ രമ്യയെ ആദരിക്കല്‍ എന്നിവയും നടക്കും.

date