Skip to main content

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കെട്ടിടം ഫെബ്രുവരി 18ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന് വിദ്യാനഗർ കളക്ടറേറ്റിന് സമീപം നിർമിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 18ന് ഉച്ച 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. റവന്യു-ഭവന നിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാവും. എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എം.സി ഖമറുദ്ദീൻ, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളാവും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു, തുളു അക്കാദമി ചെയർമാൻ ഉമേഷ് എം. സാലിയൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, തുടങ്ങിയവർ സംബന്ധിക്കും. 

1.76 കോടി രൂപ ചെലവിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന നിർമ്മിച്ച ഈ കെട്ടിടം സംസ്ഥാനത്ത് ഒരു ജില്ലാ ഇൻഫർമേഷൻ ഓഫീസിന് മാത്രമായി നിർമിച്ച ഏറ്റവും വലിയ ആസ്ഥാന മന്ദിരമാണ്. ഓഫീസ് സംവിധാനത്തിനു പുറമേ വിപുലമായ ഇൻഫർമേഷൻ ഹബ്ബായി വികസിപ്പിക്കാനുതകുന്ന സെന്റർ, ഡിജിറ്റൽ വീഡിയോ ലൈബ്രറി, ശബ്ദനിയന്ത്രണ സംവിധാനമുള്ള പി ആർ ചേംബർ, മലയാളം,  കന്നഡ പ്രസ് റിലീസ് വിഭാഗം, മൊബൈൽ ജേണലിസം സ്റ്റുഡിയോ, പ്രിസം വിഭാഗം സാങ്കേതിക വിഭാഗം എന്നിവ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. 2019 ഫെബ്രുവരി 25ന് മന്ത്രി ഇ ചന്ദ്രശേഖരനാണ് കെട്ടിടത്തിന് ശിലയിട്ടത്. വനിത, ശിശു സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ ഹരിത ഓഫീസാണിത്.

date