മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സര്‍ക്കാരിന്റ കാലയളവില്‍ ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത്. ആര്‍ദ്രം പദ്ധതിയിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ സമഗ്ര മുന്നേറ്റം നടത്താനായി. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ശ്വാസ് ക്ലിനിക് , ആശ്വാസ് ക്ലിനിക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ആരോഗ്യമേഖലയില്‍ അവശ്യമായ ആധുനിക കെട്ടിട സൗകര്യങ്ങളും, പുതിയ തസ്തികകളും സൃഷ്ടിക്കാനും സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഐ.ബി.സതീഷ് എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. 2,000 ചതുരശ്ര അടിയില്‍ ഇരു നിലകളായി നിര്‍മിച്ച കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, വിശ്രമകേന്ദ്രം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. നാലു ഡോക്ടര്‍മാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകും. നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമേ ഏഴു ജീവനക്കാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തായി നടന്ന ഉദ്ഘാടന പരിപാടിയില്‍ കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.
- Log in to post comments