Skip to main content

ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി 

 

ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃകയാണെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ. നിരവധി പ്രമുഖര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള നൂറു വര്‍ഷം പഴക്കമുള്ള വിദ്യാലയമാണ് ഗുരുവായൂര്‍ നഗരസഭയിലെ ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 

നാസയിലെ ശാസ്ത്രജ്ഞനായ വിദ്യാസാഗര്‍, ചിത്രകാരന്‍ യൂസഫ് എന്നിവര്‍ ചവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഇതേ സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നാടിന്റെ പെരുമയ്ക്ക് വലിയതോതിലുള്ള സംഭാവനകള്‍ നല്‍കിയ ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പഴമ നിലനിര്‍ത്തി കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഗുരുവായൂര്‍ നഗരസഭ തയ്യാറാണെന്ന് എംഎല്‍എ അറിയിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ സുധന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ സായിനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജോതി രവീന്ദ്രനാഥ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി എസ് ബീന, പുതിയ പ്രസിഡന്റ് പി വി ബദറുദ്ദീന്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date