Skip to main content

ജലസംരക്ഷണം മുഖ്യ അജണ്ടയായി സമഗ്ര പദ്ധതി തയ്യാറാക്കണം: ഡോ. എസ്.എം. വിജയാനന്ദ്

 

കാസർകോട് ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സമഗ്രപദ്ധതി തയ്യാറാക്കണമെന്നും അതിൽ ജലസംരക്ഷണം മുഖ്യഅജണ്ടയായി സമഗ്ര നീർത്തടാധിഷ്ഠിത വികസന ആസൂത്രണ പദ്ധതികൾക്ക് രൂപം നൽകണമെന്നും ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. എസ് എം വിജയാനന്ദ് പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജലബജറ്റ് മികച്ച ചുവടുവെപ്പാണ്. കേരളത്തിൽ ഒരിടത്തും സമഗ്രമായി ഇത് നടത്തിയിട്ടില്ല. ധനകാര്യ കമ്മീഷൻ ഗ്രാന്റും ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. കേന്ദ്ര സർക്കാർ പദ്ധതിയായ ജല ജീവൻ മിഷൻ വഴി എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കണം. ഏറ്റവും കൂടുതൽ നദികളുണ്ടായിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന പ്രദേശങ്ങളുള്ള ജില്ലയിൽ ജലസംരക്ഷണ പദ്ധതികൾക്ക്  പ്രഥമ പരിഗണന നൽകണം.

പ്രാക്തന ഗോത്ര വിഭാഗമായ കൊറഗരുടെ സംരക്ഷണത്തിന് സമ്പൂർണ ആസൂത്രണ രേഖ തയ്യാറാക്കണം. സാന്ത്വന പരിചരണം, വയോജന ക്ഷേമം, ആരോഗ്യം എന്നീ മേഖലകളിൽ മാതൃകാപദ്ധതികൾ തയ്യാറാക്കണം. തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും മംഗലാപുരത്തെ തൊഴിലുടമകളുമായി ചേർന്ന് കാസർകോട് ജില്ലയിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികൾ തയ്യാറാക്കണം.

ഭിന്നശേഷി സൗഹൃദ ജില്ലയായി കാസർകോട് മാറണം. ഭിന്ന ശേഷിക്കാർക്കുള്ള അയൽക്കൂട്ടം ഗ്രാമസഭകൾ കൂടുതൽ ബഡ്സ് സ്‌ക്കൂളുകൾ പൊതു ഇടങ്ങളും സർക്കാർ ഓഫീസുകളും ബാരിയർ ഫ്രീ ആക്കുന്നതിനുമുള്ള ശാസ്ത്രീയമായ നടപടികൾ എന്നിവ പദ്ധതി രേഖയുടെ ഭാഗമാകണം.

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന തൊഴിൽ സംരംഭ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിദഗ്ദരുടെ സഹായത്തോടെ സൂക്ഷ്മതല ആസൂത്രണം നടത്തണം. കാസർകോട് ആദ്യത്തെ സോഷ്യൽ ഓഡിറ്റ് നടത്തുന്ന ജില്ലാ പഞ്ചായത്താകണം. സർവീസ് ഡെലിവറി കാര്യക്ഷമമാക്കണം. തീരെ പിന്നോക്കം നിൽക്കുന്ന വിദ്യാലയങ്ങളും സ്ഥാപനങ്ങളും കണ്ടെത്തി ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകണം. ശിശുക്കൾ കൗമാരക്കാർ, ഗർഭിണികൾ എന്നിവർക്കായി പോഷകാഹാര വിതരണത്തിന് സമഗ്ര പദ്ധതികൾ തയാറാക്കണം ന്യൂട്രീഷൻ നീഡ് പ്ലാൻ വേണം. ഉപയോഗ യോഗ്യമാക്കാവുന്ന ഭൂമി റവന്യൂ വകുപ്പുമായി സഹകരിച്ച് കണ്ടെത്തണം.

ജനപ്രതിനിധികൾ വാർഡ് തലത്തിൽ മാത്രം കണ്ട് ഫണ്ടുകൾ വിനിയോഗിക്കുന്നതിനു പകരം ജില്ലയെ പൊതുവായി കാണുന്ന വികസന സമീപനത്തിന് തയ്യാറാകണം. ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായി വിദഗ്ധരുടെ ഗ്രൂപ്പുകൾ ഉണ്ടാക്കണമെന്നും എസ്.എം വിജയാനന്ദ് നിർദേശിച്ചു.

date