Skip to main content

കനിവ് തേടി രാമനും ലക്ഷ്മണനും പരാതി പരിഹാര അദാലത്തില്‍

ശരീരം തളര്‍ന്ന് രോഗാവസ്ഥയെ നേരിടുന്ന ഇരട്ട സഹോദരങ്ങളായ രാമനും ലക്ഷ്മണനും മാതാപിതാക്കള്‍ക്കൊപ്പം കനിവ് തേടി അടിമാലിയിലെ പരാതി പരിഹാര അദാലത്ത് കേന്ദ്രത്തിലെത്തി. നടക്കാനാവാത്ത ഇരട്ട സഹോദരന്‍മാരെ പിതാവ് സുരേഷ് എടുത്തു കൊണ്ടായിരുന്നു സഹായം തേടി എത്തിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വേദിയില്‍ നിന്നിറങ്ങി ഇരട്ട സഹോദരങ്ങളുടെ അടുത്തെത്തി പിതാവ്  സുരേഷിന്റെയും മാതാവ് ലക്ഷ്മിയുടെയും പരാതികള്‍ കേട്ടു.കൂലിവേലക്കാരായ തങ്ങള്‍ക്ക് മക്കളുടെ  രോഗാവസ്ഥ മൂലം ജോലിക്ക് പോകുവാന്‍ കഴിയുന്നില്ലെന്ന് സുരേഷും ലക്ഷ്മിയും മന്ത്രിയെ അറിയിച്ചു. കുരിശുപാറ പീച്ചാട് മേഖലയില്‍ വാടകക്ക് താമസിച്ച് പോരുന്ന തങ്ങള്‍ക്ക് മക്കളെ സ്‌കൂളില്‍ അയക്കാനുള്ള സൗകര്യമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കനിവുണ്ടാകണമെന്നും  ഇരട്ട സഹോദരങ്ങളുടെ മാതാപിതാക്കള്‍ മന്ത്രിയെ അറിയിച്ചു.പരാതി സ്വീകരിച്ച ശേഷം സഹായമുണ്ടാകുമെന്ന ഉറപ്പ് നല്‍കി മന്ത്രി രാമനേയും ലക്ഷ്മണനേയും തിരികെ യാത്രയാക്കി.13 വയസ്സുള്ള രാമനും ലക്ഷ്മണനും ഒമ്പതാം വയസ്സിലായിരുന്നു  അസുഖം പിടിപ്പെട്ടത്. തമിഴ്‌നാട്ടിലെ വത്തല ഗുണ്ടില്‍ നിന്നായിരുന്നു രാമന്റെയും ലക്ഷ്മണന്റെയും മാതാപിതാക്കള്‍ പീച്ചാടെത്തിയത്. സല്‍മനസ്സുകളുടെ സഹായത്തോടെയാണ് രാമന്റെയും ലക്ഷ്മണന്റെയും ചികിത്സ. ഈ സാഹചര്യത്തിലാണ് ഇരട്ട സഹോദരങ്ങള്‍ കനിവ് തേടി അദാലത്തിന് എത്തിയത്.

date