Skip to main content

സ്വരക്ഷ'യില്‍ നിന്ന് ഇനി 'സുരക്ഷ'യും;  കയ്പമംഗലം വിദ്യാഭ്യാസ പദ്ധതിയില്‍  നിര്‍ധന വിദ്യാര്‍ത്ഥിയ്ക്ക് വീട് 

'

 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച രീതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായ മണ്ഡലമാണ് കയ്പമംഗലം. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന വിദ്യാഭ്യാസ പദ്ധതിയില്‍ ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതികളിലൊന്നായ സ്വരക്ഷ ക്ലബ്ബില്‍ നിന്ന് നിര്‍ധന വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയാണ്. മതിലകം ബിആര്‍സി പരിധിയില്‍പെട്ട നിര്‍ദ്ധന വിദ്യാര്‍ഥിക്കാണ് എംഎല്‍എയുടെ സുരക്ഷാ ക്ലബ്ബില്‍ നിന്ന് വീട് നിര്‍മിച്ച് നല്‍കുന്നത്. ഇതിന്റെ സ്ഥലം കൈമാറ്റ ചടങ്ങ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

 

വിദ്യാഭ്യാസയജ്ഞം കൂടുതല്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ അക്ഷരകൈരളി വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ വിദ്യാഭ്യാസ വികസനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 2016-17 ല്‍ ആരംഭിച്ച പദ്ധതി സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു വിദ്യാഭ്യാസപദ്ധതിയായാണ് നിലനില്‍ക്കുന്നത്. അക്ഷരകൈരളി പദ്ധതിയുടെ ഭാഗമായി 11 ഉപഗ്രൂപ്പുകള്‍ രൂപീകരിച്ചു വിവിധ പദ്ധതികള്‍ അതിലൂടെ നടപ്പാക്കുകയാണ് ആദ്യം ചെയ്തത്. വായനാവസന്തം, സയന്‍ഷ്യ, കലാമുറ്റം, സ്വരക്ഷ, സുമേധ, ഐ.ടി, ചാരുത, സോഷ്യല്‍ സയന്‍സ്, ഗണിതം, ഇംഗ്ലീഷ്, തളിര്‍ എന്നീ 11 ഗ്രൂപ്പുകളും വ്യത്യസ്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എംഎല്‍എ ചെയര്‍മാനായി, പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന, വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യം നേടിയവരും പ്രഗത്ഭരുമായ ആളുകള്‍ കണ്‍വീനര്‍മാരായ സമിതിയാണ് ഗ്രൂപ്പിനെ നയിക്കുന്നത്. 

 

തീരദേശ മേഖലയില്‍ വ്യാപിച്ചു വരുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും  നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും ലഹരി മുക്തമാണെന്ന് ഉറപ്പു വരുത്തുന്നതിനുമായി നിരവധി പരിപാടികളോടെയാണ് 'സ്വരക്ഷാ' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളുടെ സെമിനാര്‍, ഒരോ കുട്ടിയും നിലപാട് വ്യക്തമാക്കുന്ന കുറിപ്പെഴുതല്‍, സ്റ്റിക്ക്, ടെലിഫിലിം നിര്‍മാണം, കൗണ്‍സിലിങ്, ടീച്ചര്‍മാര്‍ക്ക് ശില്‍പശാല തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ നടപ്പാക്കും. പ്രളയാനന്തരം സ്വരക്ഷ ക്ലബ്ബിലെ കുട്ടികള്‍ പത്ത് ദിവസംകൊണ്ട് ശേഖരിച്ച രണ്ടായിരം കിലോ പ്ലാസ്റ്റിക് കുപ്പികള്‍ വിറ്റ് കിട്ടിയ 45,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു.

 

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിആര്‍സി യില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന  അധ്യാപകരെയും ആദരിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് സലീഷ്, കൊടുങ്ങല്ലൂര്‍ എ ഇ ഒ എം വി ദിനകരന്‍, പാപ്പിനിവട്ടം എ എം യു പി എസ് മാനേജര്‍ സൈഫുദ്ദീന്‍, മതിലകം  ബിആര്‍സി ബി പി സി  സിന്ധു വി ബി, സുരക്ഷാ ക്ലബ്ബ് കണ്‍വീനര്‍ സുനിത, ട്രെയിനര്‍ റസിയ ടി എം എന്നിവര്‍ പങ്കെടുത്തു.

date