Skip to main content

പോസ്റ്റൽ വോട്ടിനായുളള അപേക്ഷാ ഫോമുകളുടെ വിതരണം ആരംഭിച്ചു

 

 

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുതായി എർപ്പെടുത്തിയ പോസ്റ്റൽ വോട്ടിംഗ് സൗകര്യത്തിനായുള്ള അപേക്ഷകളുടെ (12 (D) ഫോമുകൾ) വിതരണം ജില്ലയിൽ ആരംഭിച്ചു. 80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്കാണ് ഇലക്ഷൻ കമ്മീഷൻ പുതുതായി പോസ്റ്റൽ വോട്ടിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 

 

പോസ്റ്റൽ വോട്ടിനായുളള അപേക്ഷയായ 12 (D) ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയാണ് അർഹരായ സമ്മതിദായകരുടെ വീടുകളിൽ എത്തിക്കുന്നത്. ഫോമുകൾ പൂരിപ്പിച്ച് ഈ മാസം 17നകം തിരിച്ചേൽപ്പിക്കണം. പോസ്റ്റൽ വോട്ടിന് താൽപര്യമില്ലാത്തവർക്ക് 12 (D) ഫോറം നിരസിച്ച് സാധാരണ പോലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാം. ഫോറം പൂരിപ്പിച്ച് നൽകിയവർക്ക് പോസ്റ്റൽ വോട്ടിന് മാത്രമാണ് അനുമതി. 

 

ജില്ലയിൽ 13 നിയോജക മണ്ഡലങ്ങളിലായി 80 വയസ്സിന് മുകളിൽ പ്രായമായ 68025 വോട്ടർമാർ, 26230 ഭിന്നശേഷിക്കാർ എന്നിവരാണുള്ളത്. 80 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർ 12 (D) ഫോറം മാത്രം പൂരിപ്പിച്ച് നൽകിയാൽ മതി. ഇതിന് ബി എൽ ഒമാരുടെ സഹായം ലഭ്യമാണ്. ഭിന്നശേഷിക്കാരും, കോവിഡ് ബാധിതരും ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റുകൾ അപേക്ഷയ്ക്കൊപ്പം നൽകണം. അപേക്ഷകൾ അപ്പോൾ തന്നെ പൂരിപ്പിച്ച് നൽകുകയോ 17നകം ബി എൽ ഒമാർ മുഖാന്തരം കൈമാറുകയോ ചെയ്യാം.

date