Skip to main content

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷൻ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പി.വി.സി ഫ്‌ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുന:ചംക്രമണ സാധ്യമല്ലാത്ത ബാനർ, ബോർഡുകൾ തുടങ്ങിയവയുടെ ഉപയോഗവും ഒഴിവാക്കണം.
കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാവൂ.
പ്രിന്റ് ചെയ്യുമ്പോൾ റീസൈക്ലബിൾ, പി.വി.സി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റു ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പരും നിർബന്ധമായും പ്രചാരണ സാമഗ്രികളിൽ ഉൾപ്പെടുത്തണം.
നിരോധിത ഉത്പ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ അനുയോജ്യ നിയമ നടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കണം. പ്രചാരണ സാമഗ്രികൾ ഉപയോഗശേഷം അതത് രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേന മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറണം.
രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തണം. തിരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബയോമെഡിക്കൽ മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് ഉത്തരവിനനുസരിച്ച് നടപടി സ്വീകരിക്കണം.
ഹരിതചട്ടം പാലിക്കുന്നതിനുള്ള നോഡൽ ഓഫീസർ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
പി.എൻ.എക്സ്.1143/2021
 

date