Skip to main content

മാതൃകാ പെരുമാറ്റച്ചട്ടം: ഫ്ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലയില്‍ ഫ്ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും രണ്ട് വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമെ, കലക്ടറേറ്റില്‍ രണ്ട് ടീമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. സീനിയര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലവനായ ടീമില്‍ സീനിയര്‍ പൊലീസ് ഓഫീസര്‍, നാല് സായുധ പൊലീസുകാര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരാണ് ഒരു സക്വാഡിലുള്ളത്. അനധികൃത പണമിടപാടുകള്‍, മദ്യ വിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ നിരീക്ഷിക്കുന്നത്. പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും. ഇതുവരെയായി 1175  പോസ്റ്ററുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ സ്‌ക്വാഡ് നീക്കം ചെയ്തിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ളവ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സ്‌ക്വാഡിന്റെ നിരീക്ഷണം ഊര്‍ജിതമാക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. കൂടാതെ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടി എടുക്കുന്നതിന് കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം തുടങ്ങി.

date