Skip to main content

വൃദ്ധസദനങ്ങളിലെ വാക്സിനേഷൻ; ജില്ലയിലെ  ആദ്യ മൊബൈൽ സംഘം പ്രവർത്തനം തുടങ്ങി

ആലപ്പുഴ: 60  വയസ്സിന്  മുകളിൽ പ്രായമുള്ളവർക്കും 45 മുതൽ 59  വയസ്സുുവരെയുള്ള നിശ്ചിത രോഗങ്ങൾ ഉള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ജില്ലയിൽ പരമാവധി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച  ആദ്യത്തെ മൊബൈൽ വാക്സിനേഷൻ സംഘം പ്രവർത്തനം തുടങ്ങി. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഐ എം എ യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.  മൊബൈൽ യൂണിറ്റ് ആദ്യദിനം പുന്നപ്രയിലെ ശാന്തി ഭവൻ അന്തേവാസികൾക്ക്  വൃദ്ധസദനങ്ങളിൽ എത്തി  വാക്സിനേഷന്‍ നല്‍കി.  ആരോഗ്യ വകുപ്പിൻറെ വാക്സിനേഷന്‍  സംഘം ശാന്തി ഭവനില്‍ തന്നെ വാക്സിൻ നൽകാനും തുടർന്ന് വിശ്രമിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മൊബൈൽ യൂണിറ്റിനെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ കളക്ടർ എ അലക്സാണ്ടർ നിർവഹിച്ചു. ദിവസം 20000 വാക്സിനേഷൻ എന്ന് ലക്ഷ്യത്തിനായാണ് ജില്ലാഭരണകൂടം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൃദ്ധസദനങ്ങളിലെ വയസ്സായ ആളുകൾക്ക് അവർ താമസിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് വാക്സിനേഷൻ ചെയ്യുകയാണ് മൊബൈൽ വാക്സിനേഷൻ യൂണിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്തയാഴ്ചയോടെ ഒരു മൊബൈൽ വാക്സിനേഷൻ യൂണിറ്റ് കൂടി ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 160 അന്തേവാസികളാണ് ഇവിടെയുള്ളത്. വാക്സിനേഷൻ പ്രക്രിയ വളരെ ഊർജ്ജിതമായി  ജില്ലയിൽ മുന്നോട്ടു പോകുകയാണെന്നും പതിനാറ് സ്വകാര്യ ആശുപത്രികളില്‍  ഉൾപ്പെടെ വാക്സിനേഷൻ നൽകുന്നതിന് ഇപ്പോൾ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍.അനിതകുമാരി പറഞ്ഞു. ശാന്തിഭവന്‍ മാനേജിങ് ട്രസ്റ്റി മാത്യൂ ആല്‍ബിന്‍, പി.എച്ച്.സിയിലെ ഡോക്ടര്‍ പൂര്‍ണിമ,  ഐ.എം.എ പ്രസിഡന്റ് ഡോ.എ.പി.മുഹമ്മദ്,  ഡോ.മദനമോഹന്‍, ഡോ.മനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

date