Skip to main content

ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ വിലയിരുത്തി

നിയമസഭാ- മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും മാതൃകാപെരുമാറ്റച്ചട്ടങ്ങളും  പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. ആവശ്യമായ ദിശാബോര്‍ഡുകളും സൂചകങ്ങളും ഹെല്‍പ്പ് ഡെസ്‌ക്ക്, റാംപ്, ശുചിമുറികള്‍, കുടിവെള്ളം, വരുന്നതിനും പോവുന്നതിനുള്ള പ്രത്യേക കവാടങ്ങള്‍, ലൈറ്റിങ്, ഫര്‍ണീച്ചറുകള്‍ തുടങ്ങി ബൂത്തുകളില്‍ ഉണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലയില്‍ നടപ്പാക്കും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് ജില്ലാകലക്ടര്‍ മറുപടി നല്‍കി.
എ.ഡി.എം ഡോ.എം.സി റെജില്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, അസിസ്റ്റന്റ് കലക്ടര്‍ എ.വിഷ്ണുരാജ്, വരണാധികാരികള്‍, നോഡല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

date