Skip to main content

കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു

ജില്ലയില്‍ 100ലധികം കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകരായ പൊലീസ്, ഇതര സേനാവിഭാഗങ്ങള്‍, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പോളിങ് ഉദ്യോഗസ്ഥര്‍, 60 വയസ് കഴിഞ്ഞവര്‍, 45 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
 

ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളിലും പൊതുജങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുവാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

കോവിന്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്തു എന്ന മൊബൈല്‍ സന്ദേശം ലഭിക്കും. ഈ സന്ദേശം അടുത്തുള്ള ഏതൊരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കാണിച്ചാലും അവിടെ നിന്നും വാക്‌സിന്‍ സ്വീകരിക്കാം. മൊബൈല്‍ സന്ദേശം ലഭിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് കോവിന്‍ വെബ് പോര്‍ട്ടലില്‍ സ്വന്തം വിവരങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വാക്‌സിന്‍ സ്വീകരിക്കാം.

 രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ നിന്നോ സ്വന്തം മൊബൈലില്‍ നിന്നോ ഓണ്‍ലൈനായും www.cowin.gov.in  എന്ന പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന   വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിശ്ചിത സമയത്ത് എത്തിച്ചേര്‍ന്ന്‌ വാക്‌സിന്‍ സ്വീകരിക്കാം.

 

date