Skip to main content

പത്രിക സമര്‍പ്പണം മാര്‍ച്ച് 12 മുതല്‍  ആരംഭിക്കും: പത്രിക നല്‍കുമ്പോള്‍ മൂന്ന് പേര്‍ മാത്രം

 

 

 

നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 12 മുതല്‍ സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ പാടുള്ളൂ. ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡലങ്ങളിലേയും വരണാധികാരികള്‍ക്കാണ് പത്രിക സമര്‍പ്പിക്കേണ്ടത്. മണ്ഡലത്തിലെ ഉപവരണാധികാരികള്‍ക്കും പത്രിക സ്വീകരിക്കാന്‍ അനുമതിയുണ്ട്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 19ഉം സൂക്ഷ്മ പരിശോധന 20നും പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22നുമാണ്.

 

*വിജ്ഞാപനം രാവിലെ 11ന്*

 

രാവിലെ 11നകം വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ കാര്യാലയങ്ങളില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചത് മുതല്‍ വൈകീട്ടു മൂന്നുവരെ പത്രികകള്‍ നല്‍കാം. തിരഞ്ഞെടുപ്പിന്റെ പേര്, പത്രിക സമര്‍പ്പണത്തിനുള്ള സ്ഥലം, പത്രിക, സമര്‍പ്പണത്തിനുള്ള അവസാന തീയതി, സമയം സൂക്ഷ്മ പരിശോധന കേന്ദ്രം, പോളിങ് തീയതി, സമയം എന്നിവ അടങ്ങിയതാവും വിജ്ഞാപനം.

 

*പൊതു അവധിദിനത്തില്‍ സമര്‍പ്പണമില്ല*

 

നിയമസഭ തിരഞ്ഞെടുപ്പിനായി കമ്മീഷന്റെ രണ്ട്-ബി ഫോറത്തിലാണ് സ്ഥനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കേണ്ടത്. പൊതു അവധി ദിനത്തില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. വിജ്ഞാപനം വരുന്ന അന്നു മുതല്‍ പത്രിക സമര്‍പ്പിക്കാം. വരണാധികാരിയോ നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിയോ മാത്രമേ പത്രിക സ്വീകരിക്കൂ. സ്ഥാനാർത്ഥിക്കോ നിര്‍ദ്ദേശകനോ പത്രിക സമര്‍പ്പിക്കാം. തപാലിലോ മറ്റാരെങ്കിലും മുഖേനയോ അയയ്ക്കുന്ന പത്രികകള്‍ സ്വീകരിക്കില്ല.

 

*പത്രികകൾ നാലെണ്ണം വരെ*

 

ഒരു സ്ഥാനാർത്ഥിക്ക് പരമാവധി നാലു പത്രികകള്‍ വരെ സമര്‍പ്പിക്കാം. പത്രികയ്ക്കൊപ്പം 26-ാം നമ്പര്‍ ഫോറത്തിലുള്ള സത്യവാങ്മൂലവും സ്ഥാനാർത്ഥി പൂരിപ്പിച്ച് നല്‍കണം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ പത്രികകള്‍ സമര്‍പ്പിക്കാം. സ്ഥാനാർത്ഥിയോ നിര്‍ദ്ദേശകനോ വൈകീട്ട് മൂന്നിന് വരണാധികാരിയുടേയോ, ഉപരണാധികാരിയുടേയോ കാര്യാലയത്തില്‍ ഹാജരാണെങ്കില്‍ അവര്‍ വൈകീട്ട് മൂന്നിന് എത്തിയതായി പരിഗണിക്കും.

 

പത്രിക സമര്‍പ്പണവേളയില്‍ സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേര്‍ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളു. പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി കാര്യാലയങ്ങളുടെ നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. പത്രിക നല്‍കുമ്പോള്‍ ഹാജരാക്കുന്ന രേഖകളില്‍ ഒന്ന്  അസ്സൽ രേഖയായിരിക്കണം.

 

*പ്രാഥമിക പരിശോധന*

 

വരണാധികാരി, ഉപവരണാധികാരി കാര്യാലയങ്ങളില്‍ പത്രികയില്‍ സാങ്കേതിക വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. എന്നാലിത് സൂക്ഷ്മ പരിശോധനയല്ല. വോട്ടര്‍ പട്ടികയിലെ സ്ഥാനക്രമം, പേരെഴുതിയതിലെ തകരാര്‍ തുടങ്ങിയവ ഈ ഘട്ടത്തില്‍ പരിശോധിച്ച് തെറ്റ് തിരുത്താന്‍ സ്ഥാനാർത്ഥിക്ക് അവസരം നല്‍കും.

 

*ആറിനം രേഖകള്‍ കരുതണം*

 

പത്രിക സമര്‍പ്പണവേളയില്‍ സ്ഥാനാർത്ഥി താഴെപ്പറയുന്ന ആറിനം രേഖകള്‍ ഹാജരാക്കണം. ഫോം 26ല്‍ നല്‍കുന്ന സത്യവാങ് മൂലം, വോട്ടര്‍പട്ടികയിലെ സ്ഥാനക്രമം സംബന്ധിച്ച സാക്ഷ്യപത്രം, രാഷ്ട്രീയകക്ഷി സ്ഥാനാർത്ഥിയെങ്കില്‍ ഫോം എയും ബിയും, പട്ടിക വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ ജാതി സര്‍ട്ടിഫിക്കറ്റ്, നിക്ഷേപതുക, പ്രതിജ്ഞ എന്നിവയാണിവ.

 

*തിരഞ്ഞെടുപ്പ് ചെലവിന് പ്രത്യേകം അക്കൗണ്ട്*

 

തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് മാത്രമായി സ്ഥാനാർത്ഥി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. പത്രിക സമര്‍പ്പണത്തിന് ഒരുദിവസം മുന്‍പെങ്കിലും ഈ അക്കൗണ്ട് തുടങ്ങിയിരിക്കണം. തിരഞ്ഞെടുപ്പ് ചെലവിനായി പ്രത്യേക അക്കൗണ്ട് തുറന്നില്ലെങ്കില്‍ ഉണ്ടാകുന്ന എല്ലാ വരവ് ചെലവുകളും കമ്മീഷന്‍ നിഷകര്‍ഷിച്ച രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്ന നിഗമനത്തില്‍ നടപടി സ്വീകരിക്കും.

 

*നിര്‍ദ്ദേശകനും പത്രിക നല്‍കാം*

 

സ്ഥാനാര്‍ഥി മുദ്രവെച്ച പത്രിക വേണമെങ്കില്‍ വരണാധികാരി മുമ്പാകെ നിര്‍ദ്ദേശകനും സമര്‍പ്പിക്കാം. ദേശീയ, സംസ്ഥാനതല അംഗീകൃത രാഷ്ട്രീയ കക്ഷി സ്ഥാനാര്‍ഥികള്‍ക്ക് ഒരു നാമനിര്‍ദ്ദേശകനും മറ്റുള്ളവര്‍ക്ക് പത്ത് നിര്‍ദ്ദേശകര്‍ വരെയും വേണം. നാമനിര്‍ദ്ദേശകന്‍ ആ മണ്ഡലത്തിലെ വോട്ടര്‍ ആയിരിക്കണം. നാമനിര്‍ദ്ദേശകന്‍ നിരക്ഷരനാണെങ്കില്‍ അവരുടെ വിരലടയാളം വരണാധികാരിയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തണം. പത്രികയില്‍ വിരലടയാളം വരണാധികാരിക്ക് മുമ്പിലെ പതിക്കാവു.

 

*പത്രിക സമര്‍പ്പണം വീഡിയോയില്‍*

 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വീഡിയോയില്‍ പകര്‍ത്തും. എല്ലാ ദിവസവും വൈകീട്ട് മൂന്നിനു ശേഷം വരണാധികാരിയുടെ കാര്യാലയത്തിലും ഉപവരണാധികാരിയുടെ കാര്യാലയത്തിലും അതത് ദിവസത്തെ പത്രിക സമര്‍പ്പണ വിവരം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

 

*നിക്ഷേപതുക നല്‍കണം*

 

നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി കെട്ടി വയ്ക്കേണ്ടത് 10,000 രൂപയാണ്. പട്ടിക വിഭാഗക്കാര്‍ക്ക് 5,000 രൂപയുമാണ്. ഒരു സ്ഥാനാർത്ഥിക്ക് നാലു സെറ്റ് പത്രിക വരെ നല്‍കാമെങ്കിലും നിക്ഷേപത്തുക ഒന്നു മതി.

 

*നാമനിര്‍ദ്ദേശ പത്രിക വിവരവും

സത്യവാങ്മൂലവും പ്രദര്‍ശിപ്പിക്കും*

 

സ്ഥാനാർത്ഥി നല്‍കുന്ന പത്രികയുടെ പകര്‍പ്പും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും അതത് ദിവസം വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും കാര്യാലയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണം. പത്രിക സ്വീകരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം ഇവ കമ്മീഷന്‍ വെബ്സൈറ്റിലും ലഭ്യമാക്കും. മണ്ഡല പരിധിക്ക് വെളിയിലാണ് വരണാധികാരിയുടെയും സഹവരണാധികാരിയുടെയും ഓഫീസെങ്കില്‍ മണ്ഡല പരിധിയിലെ പൊതു സ്ഥലത്ത് ഇത് പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

date