Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശപത്രിക തയ്യാറാക്കാം.

 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്സൈറ്റ് വഴി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കാം. http://suvidha.eci.gov.in എന്ന വെബ്സൈറ്റില്‍ കയറി ആദ്യം കാണുന്ന പേജില്‍ നിയമസഭ  ഇലക്ഷന്‍ സെലക്ട് ചെയ്യണം തുടര്‍ന്ന് വരുന്ന പേജില്‍  മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്സ്വേര്‍ഡ് സൈറ്റില്‍ രേഖപ്പെടുത്തണം. ശേഷം സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നീ ഓപ്പ്ഷനുകളില്‍ നിന്നും സ്ഥാനാര്‍ഥിയെന്നത് തിരഞ്ഞെടുത്ത് തുടര്‍ന്ന് വരുന്ന പേജില്‍ നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഈ പേജില്‍ സ്ഥാനാര്‍ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരും. തുടര്‍ന്ന് ഈ പേജില്‍ ഇ-മെയില്‍ വിലാസം നല്‍കി ഇ-മെയിലില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്‌വേര്‍ഡ് സൈറ്റില്‍ നല്‍ണം. ഇവിടെ കാറ്റഗറി (എസ്.സി/ എസ്.റ്റി/ ജനറല്‍) രേഖപ്പെടുത്തണം. ശേഷം പേജിലെ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

തുടര്‍ന്നുള്ള പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നിങ്ങനെ മൂന്ന് ടാബുകള്‍ കാണാം. ഇതില്‍ അഫിഡവിറ്റ് ടാബ് സെലക്ട് ചെയ്ത് എല്ലാ അഫിഡവിറ്റുകളും പൂരിപ്പിച്ച് ഏറ്റവും അവസാന പേജിലെ പ്രിവ്യൂ ആന്‍ഡ് ഫൈനലൈയ്സ് ടാബില്‍ ക്ലിക് ചെയ്ത അവ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം കണ്‍ഫര്‍മേഷന്‍ നല്‍കണം. തുടര്‍ന്നുള്ള പേജില്‍ തിരഞ്ഞെടുപ്പ് വിവരം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാമണ്ഡലം എന്നിവ തിരഞ്ഞെടുത്ത് സേവ് ചെയ്യണം.

തുടര്‍ന്നു വരുന്ന പേജ് ഫോം 2ബി നോമിനേഷന്‍ പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോ അപ്ലോഡ് ചെയ്ത്,  സംസ്ഥാനം, നിയമസഭാ മണ്ഡലം, എന്നിവ തിരഞ്ഞെടുത്ത് സ്ഥാനാര്‍ഥിയുടെയും പിന്താങ്ങുന്ന വ്യക്തിയുടേയും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ നല്‍കണം. അടുത്ത പേജ് (നോമിനേഷന്‍ പേപ്പര്‍) 2ബി പാര്‍ട്ട് മൂന്നില്‍ ഡിക്ലറേഷനും ഫോമില്‍ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും നല്‍കണം. തുടന്നുള്ള പേജ് (ഫോം 2ബി) പാര്‍ട്ട് മൂന്നില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിന് ശേഷം മുന്‍പ് പൂരിപ്പിച്ച അഫിഡവിറ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി വീണ്ടും അപ്ലോഡ് ചെയ്ത് പ്രോസീഡ് ബട്ടണ്‍ അമര്‍ത്തിയ ശേഷം കണ്‍ഫര്‍മേഷന്‍ നല്‍കണം. അടുത്ത പേജില്‍ സ്ഥാനാര്‍ഥികള്‍ക്ക് റിട്ടണിംഗ് ഓഫീസര്‍ മുമ്പാകെ നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള തിയതി, സമയം, എന്നിവ തിരഞ്ഞെടുക്കാം. തുടര്‍ന്ന് പണമടയ്ക്കാനുള്ള പേജിലെത്തി പണമടച്ചതിന്റെ ചെലാന്‍ വിവരങ്ങള്‍ നല്‍കുകയോ പണം നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനൊപ്പമോ  നല്‍കാമെന്ന് സമ്മതിക്കുകയോ ചെയ്യണം. ശേഷം കണ്‍ഫര്‍മേഷന്‍ നല്‍കിയതിന് ശേഷം നോമിനേഷന്റെയും അഫിഡവിറ്റിന്റെയും പ്രിന്റ് എടുക്കാം.

സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് അനുവദിച്ച തീയതിയില്‍ അനുവദിച്ച സമയത്ത് നോമിനേഷന്‍, അഫിഡവിറ്റ് എന്നിവ പ്രിന്റ് എടുത്ത് വരണാധികാരി മുമ്പാകെ സമര്‍പ്പിക്കണം. ഈ വെബ്‌സൈറ്റ് മുഖേന വരണാധികാരിയില്‍ നിന്നും അനുവാദം ലഭിക്കേണ്ട അപേക്ഷകളും സമര്‍പ്പിക്കാവുന്നതാണ്.

date