Skip to main content

തിരഞ്ഞെടുപ്പ് പ്രചാരണം; സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു

ആകെ ചെലവാക്കാവുന്നത് 30.80 ലക്ഷം രൂപ

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാനാർത്ഥികൾക്കും രാഷ്ട്രിയ പാർട്ടികൾക്കും ഉപയോഗിക്കേണ്ടിവരുന്ന സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ച് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി. ഇതനുസരിച്ചുള്ള തുക ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പിൻ്റെ ചെലവു കണക്കുകൾ തയ്യാറാക്കേണ്ടത്. 

എല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്ക്വാഡുകളുടെയും  മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെയും  റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിന്‍റെ ചെലവ് നിരീക്ഷണ വിഭാഗം ഓരോ സ്ഥാനാര്‍ഥിയുടെയും ചെലവുകളുടെ കണക്ക് തയ്യാറാക്കുന്നുണ്ട്.  സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്ക് ഇതുമായി ഒത്തു നോക്കിയശേഷമാണ് അംഗീകരിക്കുക. 

സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവാക്കാവുന്ന പരമാവധി തുക  3080000 രൂപയാണ്.  10000 രൂപ വരെയുള്ള സാമ്പത്തിക ഇടപാട് നേരിട്ട് നടത്താം. അതിന് മുകളിലുള്ള  ഇടപാടുകള്‍ ചെക്ക് മുഖേന മാത്രമേ പാടുള്ളൂ. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുമാത്രമായി സ്ഥാനാര്‍ഥികളും  രാഷ്ട്രീയ പാര്‍ട്ടികളും  പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുക ചെലവഴിക്കുന്നത് ഈ അക്കൗണ്ട് വഴിയാകണം. നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാന്‍ പാടില്ല. ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്. 

സ്ഥാനാര്‍ത്ഥികള്‍  ചെലവഴിക്കുന്ന തുകയുടെ വൗച്ചറുകള്‍  നിര്‍ബന്ധമായും സൂക്ഷിക്കുകയും വേണം. മറ്റ് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കുന്ന പണത്തിന് രജിസ്റ്റര്‍ സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തുകയില്‍ അധികം പ്രചാരണത്തിനായി ചെലവഴിക്കാന്‍ പാടില്ല.

date