Skip to main content

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തുടക്കം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ജില്ലയില്‍ തുടക്കമായി. പ്ലസ്ടു പരീക്ഷകള്‍ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവുമാണ് നടന്നത്. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് പരീക്ഷാ ഹാളില്‍ എത്തിയത്. ജില്ലയില്‍ 295 കേന്ദ്രങ്ങളിലായി 76,173 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 26,679 കുട്ടികളും തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 15761 കുട്ടികളും വണ്ടൂരില്‍ 15,061 കുട്ടികളും തിരൂരങ്ങാടിയില്‍ 18,695 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 240 ഹയര്‍സെക്കന്‍ഡറി പരീക്ഷ കേന്ദ്രങ്ങളിലായി 79,967 വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പരീക്ഷ എഴുതുന്നത്. റഗുലറായി പഠിക്കുന്ന 58293 വിദ്യാര്‍ത്ഥികളും 19348 ഓപ്പണ്‍ വിദ്യാര്‍ത്ഥികളും 2326 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ളത്. ഏപ്രില്‍ 12 വരെയുള്ള എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവും ബാക്കിയുള്ളവ രാവിലെയുമാണ് നടക്കുക.

മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌കാനിങിന് വിധേയരാക്കിയ ശേഷമാണ്  പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.  എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ സംവിധാനം ഒരുക്കിയിരുന്നു. ഹാളില്‍ കയറുന്നതിന് മുമ്പ് മുഴുവന്‍ വിദ്യാര്‍ഥികളും മാസ്‌ക് ധരിച്ചെന്ന് ഉറപ്പ് വരുത്തിയാണ് ഹാളില്‍  പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ച് വിദ്യാര്‍ഥികളെ ഇരുത്തുന്നതിനും ശ്രദ്ധനല്‍കിയിരുന്നു. 20 വിദ്യാര്‍ഥികളെയാണ് ഓരോ പരീക്ഷ ഹാളിലും പരീക്ഷയ്ക്കിരുത്തിയത്.

പരീക്ഷാ ചുമതലയിലുള്ള അധ്യാപകരും കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും മാസ്‌കും  ഗ്ലൗസും ധരിച്ചും അധ്യാപകരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു. പരീക്ഷ ഹാളുകള്‍, ടോയ്‌ലറ്റുകള്‍, കിണറുകള്‍ എന്നിവിടങ്ങളെല്ലാം അണുവിമുക്തമാക്കിയതും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് കരുത്തേകിയിരുന്നു.പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ ഹാളിന് പുറത്തിറക്കിയതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു.

date