Skip to main content

വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ സുരക്ഷിതം, ഏര്‍പ്പെടുത്തിയിരിക്കുന്നത് ത്രിതല സുരക്ഷ

 

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍ സുരക്ഷിതം. മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്.
ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്‌ട്രോംഗ് റൂമുകളുടെ മേല്‍നോട്ടത്തിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യവുമുണ്ട്. ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്‌ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല 20 പേരടങ്ങിയ സായുധരായ കേന്ദ്ര പോലീസിനാണ്. ഈ സുരക്ഷാ കവചത്തിനു പുറത്തെ രണ്ടു തലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ സംസ്ഥാന പോലീസിനാണ്. സംസ്ഥാന തല സായുധരായ 9 പോലീസുകാരും ജില്ലാ തലത്തിലുള്ള 3 ലോക്കൽ പോലീസുകാരുമടങ്ങുന്നതാണ് ഒരു മണ്ഡലത്തിലെ ത്രിതല സുരക്ഷാ ക്രമീകരണം.
180 സി.എ.പി.എഫ്, 81 സ്റ്റേറ്റ് ആംഡ് ഫോഴ്സ്, 27 ജില്ലാ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍/ സ്‌ട്രോംഗ് റൂം കേന്ദ്രങ്ങള്‍ ക്രമത്തില്‍. അരൂർ -എൻ എൻ എസ് കോളേജ് പള്ളിപ്പുറം, ചേർത്തല - സെന്റ് മൈക്കിൾസ് കോളേജ്, 
ആലപ്പുഴ -എസ് ഡി വി ഗേൾസ് ഹൈ സ്കൂൾ, അമ്പലപ്പുഴ - സെൻറ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ, കുട്ടനാട് -സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ ചമ്പക്കുളം, ഹരിപ്പാട് - ഗവണ്മെന്റ് ബോയ്സ് എച്ച് എസ് എസ്, കായംകുളം - ടി കെ മാധവ മെമ്മോറിയൽ കോളേജ് നങ്ങ്യർകുളങ്ങര , മാവേലിക്കര - ബിഷപ്പ് ഹോഡ്ജസ് എച്ച് എസ് എസ്, ചെങ്ങന്നൂർ - ക്രിസ്ത്യൻ കോളേജ്. 

date