Skip to main content

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍: എന്‍വിയോണ്‍മെന്റ് പ്ലാനും ഡി.പി.ആറും തയ്യാറാക്കാന്‍ സമിതി

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ നെടിയതുരുത്തില്‍ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന്, നിലവില്‍ ഉണ്ടായിരുന്ന അപ്പീല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ നടപടികളുമായി ജില്ല ഭരണകൂടം മുന്നോട്ട്. കാപ്പിക്കോ റിസോർട്ട് പൊളിച്ചു നീക്കുന്നതിന് ആവശ്യമായ  പാരിസ്ഥിതിക പ്ലാന്‍  രൂപകല്പന ചെയ്യുന്നതിന് സബ് കളക്ടറുടെയും എൻവിയോൺമെൻറ് എൻജിനീയറുടെയും നേതൃത്വത്തിൽ പ്രത്യേക കമ്മറ്റി രൂപവൽക്കരിക്കാൻ വ്യാഴാഴ്ച ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. 
കെട്ടിടം പൊളിച്ചുനീക്കുമ്പോള്‍ ചുറ്റുമുള്ള കായലിലേക്ക് അവശിഷ്ടങ്ങള്‍ ഒട്ടും വ്യാപിക്കാതെ സൂക്ഷിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളതായി കളക്ടര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന്  സ്പോടനം നടത്തുന്നത്  ഒഴിവാക്കേണ്ടി വരുമെന്ന് കളക്ടര്‍ പറഞ്ഞു.  എൻവിയോൺമെൻറ് പ്ലാൻ കമ്മിറ്റിയിൽ സബ് കളക്ടര്‍,  എൻവിയോൺമെൻറ് എഞ്ചിനീയർ,  ജിയോളജി വകുപ്പ് പ്രതിനിധി,  ടൗൺ പ്ലാനർ,  ഇറിഗേഷൻ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, പിഡബ്ല്യുഡി ബിൽഡിംഗ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവര്‍  അംഗങ്ങളാണ്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.  റിസോര്‍ട്ടിലെ നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന് ആവശ്യമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് ബിൽഡിംഗ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
റിസോര്‍ട്ട്  ഉടമകളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി  ഒരു യോഗം ഉടനെ വിളിക്കും.  റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി വിധിപ്രകാരം ഉത്തരവ് നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിച്ച് റിസോര്‍ട്ട് പൊളിച്ച് നീക്കുന്നതിന് ആവശ്യമായ മേല്‍നോട്ടവും സാങ്കേതിക സഹായവും ജില്ലകളക്ടറില്‍ നിന്ന് പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചിരുന്നു. യോഗത്തില്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, സബ്കളക്ടര്‍ എസ്.ഇലക്യ, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ഐ.നസീം, എന്‍വിയോണ്‍മെന്റല്‍ എന്‍ജിനിയര്‍ ബി.ബിജു, തഹസില്‍ദാര്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date