Skip to main content

പരിശോധന കൂടുതല്‍ കര്‍ശനമാക്കി;വീഴ്ച വരുത്തിയാല്‍  നടപടി

 

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍  നിരീക്ഷണവും  പരിശോധനയും നടപടികളും  കൂടുതല്‍ കര്‍ശനമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജില്ലയില്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

രാത്രി കര്‍ഫ്യൂ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ സമയക്രമം,  മാസ്കിന്‍റെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയവ പരിശോധിച്ചായിരിക്കും നടപടി.

കോവിഡ് പ്രോട്ടോക്കോള്‍  ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും.  ഇങ്ങനെ അടച്ചിടുന്ന കടകള്‍ ഏറ്റവും കുറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞു മാത്രമേ തുറക്കാന്‍ അനുവദിക്കൂ. ലംഘനം ഗുരുതരമാണെങ്കില്‍ പ്രവര്‍ത്തനാനുമതി വൈകും.

രോഗപ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണം. വര്‍ക്ക് ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ അതിന് നടപടി സ്വീകരിക്കണം.

വീടുകളില്‍ ഉള്‍പ്പെടെ  ട്യൂഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.   ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് മാത്രമാണ് അനുമതിയുള്ളത്. ആരാധനാലയങ്ങളിലും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണം-കളക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  പരിശോധനയും നടപടികളും സംബന്ധിച്ച് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, എ.ഡി.എം. അശ സി. ഏബ്രഹാം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍  എന്നിവരും പങ്കെടുത്തു.

date