Skip to main content

കോവിഡ് പ്രതിരോധം; പരിശോധനക്ക് 84 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ 

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത് 84 സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍. 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറാണ് വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥരെ താലൂക്ക് അടിസ്ഥാനത്തില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയോഗിച്ചത്. കോട്ടയം - 19 , ചങ്ങനാശേരി- 14, മീനച്ചില്‍- 25, വൈക്കം-16, കാഞ്ഞിരപ്പള്ളി- 10 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം. ഇവര്‍ക്കൊപ്പം ഓരോ പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.  ചുമതല നല്‍കിയിട്ടുള്ള തദ്ദേശ സ്ഥാപന പരിധിയിലാണ് പരിശോധന നടത്തുന്നത്.

ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം, പൊതുപരിപാടികളിലെയും ചടങ്ങുകളിലെയും പൊതുവാഹനങ്ങളിലെയും കോവിഡ് പ്രോട്ടോക്കോള്‍ പാലനം, സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം തുടങ്ങിയവ ഇവര്‍ പരിശോധിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും ഈ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകും. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ ഫൈന്‍ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

ഓരോ ദിവസത്തെയും പരിശോധനയുടെ വിവരങ്ങള്‍ covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യുന്നുണ്ട്. ഇന്നലെ(ഏപ്രില്‍ 21) നടത്തിയ പരിശോധനകളില്‍ വൈകുന്നേരം നാലു വരെ ജില്ലയില്‍ 334 ലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍  275 പേരും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരാണ്. 

അനാവശ്യമായി കൂട്ടം ചേര്‍ന്നതിന്-2, പൊതുവാഹനങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നതിന്-3, സമയക്രമം പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതിന്-13, സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതിന് -17, സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും ഇല്ലാതിരുന്നതിന്-21, റോഡില്‍ തുപ്പിയതിന്- 1, ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കാതിരുന്നതിന്-2 എന്നിങ്ങനെയാണ് മറ്റു ലംഘനങ്ങള്‍ക്ക്  ഇന്നലെ നടപടി നേരിടേണ്ടിവന്നവരുടെ എണ്ണം.

സെക്ടര്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പ്രവര്‍ത്തനം താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നത്  തഹസില്‍ദാര്‍മാരാണ്. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, പാലാ ആര്‍.ഡി .ഒ ആന്റണി സ്‌കറിയ, ഡെപ്യൂട്ടി കളക്ടര്‍മാരായ പി.എസ് സ്വര്‍ണ്ണമ്മ, ജെസി ജോണ്‍, ടി.കെ. വിനീത് എന്നിവര്‍ക്കാണ് വിവിധ താലൂക്കുകളിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല.

date