Skip to main content

കോവിഡ് പ്രതിരോധം ഊർജിതമാക്കാൻ  76 സെക്ടർ മജിസ്‌ട്രേറ്റുമാർ

 

ജില്ലയിലെ കോവിഡ്-19 രോഗവ്യാപനം ഏറിയ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കുന്നതിനായി 16 പേർ റിസർവ് അടക്കം 76 സെക്ടർ മജിസ്‌ട്രേറ്റുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവായി.  സെക്ടർ മജിസ്‌ട്രേറ്റുമാരുടെ ഡ്യൂട്ടിയിൽ പുനഃക്രമീകരണം വരുത്തിയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 

ഇവർ അടിയന്തിരമായി ബന്ധപ്പെട്ട നഗരസഭ/ഗ്രാമപഞ്ചായത്ത് സെക്രട്ട്രറിക്ക് മുമ്പാകെ ഹാജരായി ചുമതല ഏറ്റെടുക്കണം. ഇവരുടെ ഡ്യൂട്ടി സുഗമമാക്കാൻ ഓരോ പോലീസുകാരെയും നിയോഗിക്കും. വാഹനം തദ്ദേശ സ്ഥാപനം ലഭ്യമാക്കും.

സെക്ടർ മജിസ്ട്രേറ്റുമാരുടെ ഡ്യൂട്ടി സംബന്ധിച്ച നിർദേശങ്ങൾ

 

* സെക്ടർ മജിസ്ട്രേറ്റുമാർ ചുമതലപ്പെട്ട അധികാര പരിധിയിലെ കടകൾ, വ്യാപാര സ്ഥാപനങ്ങൾ, വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, ജനങ്ങൾ കൂടിച്ചേരുന്ന മറ്റ് പരിപാടികൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് പ്രോട്ടോക്കോൾ ലംഘനം കണ്ടാൽ താക്കീത് നൽകേണ്ടതും പോർട്ടലിൽ രേഖപ്പെടുത്തും. നിലവിൽ ചടങ്ങുകൾ നടത്തുന്നതിന് കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. തുറന്ന സ്ഥലത്ത് 150 പേരും, ഇൻഡോർ ആണെങ്കിൽ 75 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.

* സെക്ടർ മജിസ്ട്രേറ്റുമാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർക്ക് വേണ്ടി ബന്ധപ്പെട്ട തദ്ദേശ പരിധിയിൽ കൊവിഡ് നിയന്ത്രണ- പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ കളക്ടർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും.

* കൊവിഡ് നിയന്ത്രണ- പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാഷ് പദ്ധതിയിൽ ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് സെക്ടർ ഓഫീസർമാർ ചുമതലപ്പെടുത്തിയിട്ടുള്ള അധികാര പരിധിയിൽ പ്രവർത്തിക്കും.

* വിവിധ തലത്തിലുള്ള കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകളിലെ ഓഫീസർമാരുമായി സഹകരിച്ച് സെക്ടർ മജിസ്ട്രേറ്റുമാർ പ്രവർത്തിക്കും.

* ജാഗ്രതാ സമിതികൾ കൃത്യമായി യോഗം ചേർന്ന് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

* നിലവിൽ കടകളും മറ്റ് സ്ഥാപനങ്ങളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇതിന് വിരുദ്ധമായി കണ്ടാൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ്.

* കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഉടമസ്ഥൻ അടക്കമുള്ള ജീവനക്കാർ ഗ്ലൗസ്, മാസ്‌ക് എന്നിവ ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടോ എന്നും സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതാണ്.

* സ്ഥാപനത്തിനു മുന്നിൽ ആൾക്കാർ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാവുന്നില്ല എന്നും ശാരീരിക അകലം പാലിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തുന്നതാണ്. അനുവദനീയമായ എണ്ണം ആൾക്കാർ മാത്രമാണ് സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കുന്നത് എന്നും ഉറപ്പു വരുത്തുന്നതാണ്.

* ജില്ലയിലെ ദേശീയപാത,  കെ.എസ്.ടിപി റോഡരികിലെ തട്ടുകടകളിൽ പാർസലായി മാത്രമേ ഭക്ഷണം വിൽക്കാൻ അനുമതിയുള്ളൂ. തട്ടുകടകളിലെ ജീവനക്കാർ ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കേണ്ടതും, കടയ്ക്കു മുന്നിൽ ആൾക്കാർ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമാണ്. ഈ നിർദേശത്തിന്റെ ലംഘനം കണ്ടാൽ നടപടിക്കായി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുന്നതാണ്.

* പൊതുസ്ഥലങ്ങളിൽ ജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിന് താഴെ ചേർത്ത കാര്യങ്ങൾ പരിശോധിക്കേണ്ടതും ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതുമാണ്.

· പൊതുസ്ഥലത്ത് എല്ലാവരും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

· റോഡുകളിലും പൊതുസ്ഥലങ്ങളിലും തുപ്പുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തി കണ്ടാൽ നടപടി സ്വീകരിക്കുക.

· തദ്ദേശ സ്ഥാപന സെക്രട്ടറി, ആരോഗ്യ വകുപ്പ് എന്നിവരുമായി ബന്ധപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നതിന് നിർദേശിക്കപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാക്കി അത്തരം വ്യക്തികൾ അത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

· ബസുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആൾക്കാരെ കയറ്റിക്കൊണ്ട് പോകുന്നത് അനുവദിക്കാൻ പാടില്ല.

date