Skip to main content

മഴക്കെടുതി: ജില്ലയില്‍ ഒരു മരണം; 28 വീടുകള്‍ക്കു നാശനഷ്ടം

ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകള്‍ പൂര്‍ണമായും 26 വീടുകള്‍ ഭാഗീകമായും നശിച്ചു.

 

അഞ്ചുതെങ്ങ് പഴനട സ്വദേശി സതീഷ്(18) ആണ് ഇടിമിന്നലേറ്റു മരിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല താലൂക്കുകളിലായിരുന്നു മഴക്കെടുതിയുടെ രൂക്ഷത ഏറെയും. തിരുവനന്തപുരം താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 10 എണ്ണം ഭാഗീകമായും തകര്‍ന്നു. വര്‍ക്കല താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ടു വീടുകള്‍ ഭാഗീകമായും തകര്‍ന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ 14 വീടുകള്‍ ഭാഗീകമായി തകര്‍ന്നു.

അതിശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ വെള്ളക്കെട്ടു നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജില്ലയില്‍ നിലവില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല.

 

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ക്യാമ്പുകള്‍ തുറക്കേണ്ടിവന്നാല്‍ ഉപയാഗിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനും ക്രമീകരണങ്ങളായിട്ടുണ്ട്. കോവിഡ് പോസിറ്റിവ് ആയവരെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്കു മാറ്റുമെന്നും കളക്ടര്‍ പറഞ്ഞു.

date