Skip to main content

കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസ് നാളെ ആരംഭിക്കും

പത്തനംതിട്ട ജില്ലയില്‍ 45 വയസിനുമുകളിലുള്ളവര്‍ക്കുള്ള ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം )ഡോ.എ.എല്‍ ഷീജ അറിയിച്ചു.

11,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍;
കോവിഷീല്‍ഡിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ല

11,000 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 43 കേന്ദ്രങ്ങള്‍ക്ക് നല്‍കും. കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കേണ്ടത് ആദ്യ ഡോസ് എടുത്ത് 84 ദിവസം പൂര്‍ത്തിയാക്കിയവരാണ്. ഈ കാലയളവ് ആരും പൂര്‍ത്തീകരിക്കാനുള്ള സമയം ആയിട്ടില്ലാത്തതിനാല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള ആദ്യഡോസാണ് ഇപ്പോള്‍ നല്‍കുന്നത്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുകയില്ല. ആശാപ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് അനുസരിച്ച് എത്തുന്ന ആളുകള്‍ക്ക് തിരക്കൊഴിവാക്കി ടോക്കണ്‍ കൊടുത്ത് വാക്സിന്‍ നല്‍കും. ഒരു ദിവസം 100 പേര്‍ക്ക് വീതമാണ് വാക്സിന്‍ നല്‍കുന്നത്.

9000 ഡോസ് കോവാക്സിന്‍;
80 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രഷന്‍

9000 കോവാക്സിന്‍ ഡോസുകളാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇത് ഏഴു പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോന്നി, റാന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികള്‍, 10 ബ്ലോക്ക്തല സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി നല്‍കും. ഇതില്‍ 80 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രഷനും ബാക്കി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയുമാണു നല്‍കുന്നത്. ഇന്നലെ(മേയ് 14 വെള്ളി) വൈകിട്ട് 5 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ഒരു ദിവസം 250 പേര്‍ക്ക് വീതം വാക്സിന്‍ നല്‍കും.
18 വയസു മുതല്‍ 45 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ല. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date