Skip to main content

കോവിഡ് പ്രതിരോധം: ഒരു സി.എഫ്.എൽ ടി.സി, സി.എസ്.എൽ. ടി.സി. കൂടി ഏറ്റെടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  ജില്ലയിൽ ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്  സെന്ററിനും (സി.എഫ്.എൽ.ടി.സി) ഒരു സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനും (സി.എസ്.എൽ ടി.സി.) കൂടി  കെട്ടിടങ്ങൾ  ഏറ്റെടുക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ  മൃൺമയി ജോഷി ഉത്തരവിട്ടു. 

പെരുമാട്ടി കൊക്കോകോള ബിൽഡിംഗ് സി.എസ്.എൽ.ടി.സി യായും  കൊഴിഞ്ഞാമ്പാറ പോസ്റ്റ്മെട്രിക് ഗേൾസ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയായും  ഏറ്റെടുക്കുന്നതിനാണ്  ഉത്തരവായിട്ടുള്ളത്. 

മേൽപ്പറഞ്ഞ കെട്ടിടങ്ങളുടെ താക്കോലുകൾ ബന്ധപ്പെട്ട സ്ഥാപന ഉടമകൾ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ ഉടൻ ഏൽപ്പിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശമുണ്ട്.

കെട്ടിടങ്ങളിൽ ക്രമീകരണങ്ങൾ സജ്ജീകരിക്കാനും 
ചികിത്സയ്ക്കാവശ്യമായ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനും   ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലാ കലക്ടർ ഉത്തരവ് പ്രകാരം
നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒറ്റപ്പാലം സബ് കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എന്നിവരുടെ നേതൃത്വത്തിൽ പ്രസ്തുത കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു.

പ്ലാച്ചിമട കൊക്കൊക്കോള കമ്പനി സന്ദർശിച്ചു 

പൂട്ടി കിടക്കുന്ന പ്ലാച്ചിമടയിലെ കൊക്കൊക്കോള കമ്പനി കോവിഡ് ചികിത്സാകേന്ദ്രമാക്കുന്നതിന്റെ  ഭാഗമായി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഒറ്റപ്പാലം സബ് കലക്ടർ അർജ്ജുൻ പാണ്ഡ്യനും കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. 150 ഓക്സിജൻ ബെഡുകളുൾപ്പടെ  500 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കുക. ആവശ്യമായ ശുചിമുറികൾ സഹിതമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ വരുംദിവസങ്ങളിൽ ആരംഭിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ  നേതൃത്വത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നതെന്ന് സബ് കലക്ടർ അറിയിച്ചു. 
 

date