Skip to main content

പ്രതിരോധം കരുത്തുറ്റതാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

=======
കോവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ലയില്‍  തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രോഗികളുടെ ക്ഷേമവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. രോഗവ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിലേക്കാള്‍ വിപുലമായ ക്രമീകരണങ്ങളാണ് മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. 

എല്ലാ കേന്ദ്രങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററോ ഡൊമിസിലിയറി കെയര്‍ സെന്‍ററോ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹെല്‍പ്പ് ഡസ്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമുണ്ട്. 

ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നിര്‍ദേശപ്രകാരം വാര്‍ഡതല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. പ‍ഞ്ചായത്ത് പ്രസിഡന്‍റുമാരും അംഗങ്ങളും ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം നല്‍കുന്നു.ജനപ്രതിനിധികളില്‍ പലരും അവശ്യ വിവരങ്ങളും ബോധവത്കരണ സന്ദേശങ്ങളും വാട്സപ്പ് മുഖേന വാര്‍ഡിലെ ജനങ്ങളെ അറിയിക്കുന്നുമുണ്ട്. 

ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാണ്. പൊതു സ്ഥലങ്ങളില്‍ അണുനശീകരണവും ബോധവത്കരണത്തിന്‍റെ ഭാഗമായി മൈക്ക് അനൗണ്‍സ്മെന്‍റും നടന്നുവരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ആംബുലന്‍സുകള്‍ സജ്ജമാണ്. ഇതിനു പുറമെ വാര്‍ഡു തലത്തിലും വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ നാടിന്‍റെ വിശപ്പകറ്റിയ കമ്യൂണിറ്റി കിച്ചണുകള്‍ വീണ്ടും സജീവമായി. കമ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജനകീയ ഹോട്ടലുകൾ വഴിയാണ്  ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കുന്നത്.

കോട്ടയം മുനിസിപ്പാലിറ്റിയിൽ സി.എസ്.ഐ റിട്രീറ്റ് സെന്‍ററിലും ചങ്ങനാശേരിയില്‍ ടൗൺ ഹാളിലുമാണ് ഡി.സി.സി പ്രവർത്തിക്കുന്നത്. ചങ്ങനാശേരി ഗവണ്‍മെന്‍റ് എച്ച്.എസ്.എസില്‍ 75 കിടക്കകളുള്ള  സി.എഫ് എൽ.ടി.സി ആരംഭിക്കും. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ ഡി.സി.സി.യും സി.എഫ് എൽ.ടി.സിയും  പ്രവർത്തിക്കുന്നുണ്ട്. 

പാല നഗരസഭയിലെ സി എഫ് എൽടിസിയിൽ 210 കിടക്കകൾ സജ്ജമാണ്.ഈരാറ്റുപേട്ടയിൽ ഡിസിസിയിൽ പത്തും സി.എഫ്‌.എൽ.ടി.സി യിൽ 41ഉം രോഗികളുണ്ട്. രണ്ടു കേന്ദ്രങ്ങളിലും100 വീതം കിടക്കകൾ കൂടി സജ്ജമാക്കാനാണ് നഗരസഭയുടെ തീരുമാനം. ഇവിടെ ജനകീയ ഹോട്ടൽ പുനരാരംഭിക്കാനും നടപടിയായിട്ടുണ്ട്. 

വൈക്കം നഗരസഭയുടെ സി.എഫ്.എൽ.ടി.സിയിൽ 70 പേരാണുള്ളത്.
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടിയിൽ പ്രവർത്തിക്കുന്ന ഡി.സി.സിയിൽ  27 രോഗികള്‍ കഴിയുന്നു. എറികാട് യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും 200 ലധികം പേർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

പനച്ചിക്കാട് വെള്ളൂത്തുരുത്തി ഡി.സി.സിയിൽ  11 രോഗികളും വിജയപുരം പഞ്ചായത്തിലെ ക്രിസ്റ്റീന്‍ റിട്രീറ്റ് സെന്‍ററിൽ 47 പേരുമുണ്ട്. കുറിച്ചി പഞ്ചായത്തിലെ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സി എഫ് എൽ.ടി.സിയിൽ നിലവിൽ 90 രോഗികളുണ്ട്. 

ചിറക്കടവ് പഞ്ചായത്തിൽ മണ്ണംപ്ലാവ് പകൽവീട്ടിലാണ് ഡി.സി.സി പ്രവര്‍ത്തിക്കുന്നത്.  കങ്ങഴ പഞ്ചായത്തിലെ കൊന്നയ്ക്കൽ വി.കെ.വി.എം എൽ.പി സ്കൂൾ, വെള്ളാവൂർ പഞ്ചായത്തില്‍ കടയനിക്കാട്, വാഴൂർ പഞ്ചായത്തില്‍ കൊടുങ്ങൂർ ഗവണ്‍മെന്‍റ് എച്ച്.എസ്,  നെടുംകുന്നം പഞ്ചായത്തിൽ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവിടങ്ങളിലാണ് ഡി.സിസി ക്രമീകരിച്ചിട്ടുള്ളത്. 

വാഴൂരിൽ വാർഡ് തലത്തിൽ  പൾസ്- ഓക്സിജൻ ലെവൽ പരിശോധന നടത്തി വരുന്നു. വാഴൂർ ബ്ലോക്കിന്‍റെ നേതൃത്വത്തിൽ കങ്ങഴ ആശുപത്രിയിൽ സി.എഫ്.എൽ.ടി.സി ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.

കാഞ്ഞിരപ്പള്ളി ടൗൺഹാളിൽ പ്രവർത്തിക്കുന്ന ഡി.സി.സി  സി.എഫ്. എൽ.ടി.സിയായി ഉയർത്തുന്നതിന് നടപടി സ്വീകരിച്ചവരുന്നു. ഇവിടെ 55 കിടക്കകളാണുള്ളത്. കൂടാതെ  അറബിക് കേളേജില്‍ ഡി.സി.സി സജ്ജമാക്കാനും തീരുമാനമായിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചൻ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവർത്തനമാരംഭിച്ചു. എരുമേലി ആതിര ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.സി.സിയിൽ 85 രോഗികളുണ്ട്

മുണ്ടക്കയം സെന്‍റ്.ജോസഫ് ജി.എച്ച്.എസിൽ 94 കിടക്കകളും
പാറത്തോട് പഞ്ചായത്തിലെ പൊടിമറ്റം സെന്‍റ്.മേരീസ് പള്ളി ഹാളില്‍ 60 കിടക്കകളുമുള്ള ഡി.സി.സികളാണ് ഒരുക്കിയിട്ടുള്ളത്.

എല്ലാ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളായ മറവന്തുരുത്ത് പഞ്ചായത്തിൽ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾ ഭക്ഷണം തയ്യാറാക്കി രോഗികള്‍ക്കും ക്വാറന്‍റയനില്‍ കഴിയുന്നവര്‍ക്കും വിതരണം ചെയ്തുവരുന്നു. 

വെച്ചൂരിൽ കുടവെച്ചൂർ സെന്‍റ് അൽഫോൺസ പാരീഷ് ഹാളിൽ പ്രവർത്തിക്കുന്ന സി എഫ്. എൽ. ടി. സി യിൽ 50 കിടക്കകളുണ്ട്. ബണ്ട്  റോഡിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്.  തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിൽ പ്രത്യേക വാർ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

അയ്മനം പഞ്ചായത്തിൽ വാർഡ് തല ശുചീകരണത്തിനും അണു നശീകരണത്തിനുമായി ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ 
ക്ലീൻ ആർമി പ്രവർത്തിക്കുന്നുണ്ട്. അതിരമ്പുഴ പഞ്ചായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പൊതു ജനങ്ങളുടെ സഹകരണത്തോടെ കിറ്റുകളും കിടപ്പു രോഗികൾക്കായി ഭക്ഷണവും നൽകി വരുന്നു.

മണർകാട്, കിടങ്ങൂർ, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കൂരോപ്പട പഞ്ചായത്തുകളില്‍ ഡി.സി.സികളും ഹെൽപ്പ് ഡസ്ക്കും വാർ റൂമും പ്രവർത്തിക്കുന്നുണ്ട്.

എലിക്കുളം പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും  പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ വഴി പൾസ് ഓക്സിമീറ്റർ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി. 

ക്വാറൻ്റയിനിൽ കഴിയുന്ന അർഹതയുള്ള കുടുംബങ്ങൾക്കായി ഉഴവൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. 
തിടനാട് പഞ്ചായത്ത് പരിധിയിലെ 160 പേർക്ക്  ജനകീയ ഹോട്ടൽ മുഖേന സൗജന്യ ഭക്ഷണം വിതരണം നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. പഞ്ചായത്ത് തല ഹെൽപ് ഡെസ്‌കിന് പുറമേ വാർഡുകളിലും ഹെൽപ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. 

തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന ഡോമിസിലയറി കെയർ സെൻ്ററിൽ 26 രോഗികളും മുളക്കുളം ഗ്രാമപഞ്ചായത്തിൻ്റെ  ഡി.സി.സിയിൽ 50 പേരും 
ഞീഴൂരില്‍ 30 പേരും വെള്ളൂരിൽ 22 പേരും കടുത്തുരുത്തിയിൽ 24 പേരും ചികിത്സയിലുണ്ട്. 

ളാലം ബ്ലോക്ക് കരൂർ പഞ്ചായത്തിൽ ക്വാറൻ്റയിനിൽ കഴിയുന്ന നിർധനരായവർക്ക് പഞ്ചായത്തിൻ്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശേഖരിക്കുന്ന ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. 

മീനച്ചിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള രണ്ടു ജനകീയ ഹോട്ടലുകളും ഭക്ഷണ വിതരണത്തിന് സജ്ജമാണ്.  വീട്ടിൽ കഴിയുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ഉറപ്പാക്കാൻ മൊബൈൽ യൂണിറ്റായി ഒരു വാഹനവും സജ്ജമാക്കിയിട്ടുണ്ട്.

date