പകര്‍ച്ച വ്യാധി പ്രതിരോധം: ഞായറാഴ്ച ഡ്രൈഡേ ആചരിക്കണം
കാലവര്‍ഷം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഇതര പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച ജില്ലയില്‍ ഡ്രൈഡേ ആചരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്. സുരക്ഷിതരായിരിക്കുന്നതിനൊപ്പം വീടുകള്‍ക്കകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യത തടയണം. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കേണ്ടതും അത്യാവശ്യമാണ്. ഡെങ്കുപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വീടും പരിസരവും ശുചിയായി സംരക്ഷിക്കുന്നതിലൂടെ ആരോഗ്യ സുരക്ഷ വലിയൊരളവുവരെ ഉറപ്പാക്കാനാകുമെന്നും ഇക്കാര്യം സ്വന്തം ഉത്തരവാദിത്തമായി എല്ലാവരും ഏറ്റെടുക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.
ഡ്രൈഡേയുടെ ഭാഗമായും തുടര്‍ന്നും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരതലുകള്‍ ചുവടെ ചേര്‍ക്കുന്നു,
* വീട്ടു പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സാധ്യതകള്‍ ഒഴിവാക്കുക
* കുപ്പികള്‍, പത്രങ്ങള്‍, ചിരട്ടകള്‍, മുട്ടത്തോടുകള്‍, ചെടിച്ചട്ടികള്‍, വീടിന്റെ പാരപ്പറ്റുകള്‍ തുടങ്ങി ഇടങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുകകള്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.
* ഫ്രിഡ്ജ് ട്രേ, കൂളര്‍ ട്രേ, ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍, തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.
* കൊതുക് വല, ഇതര കൊതുക് നശീകരണ ഉപാധികള്‍ എന്നിവ ഉപയോഗിക്കുക.
* റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വെയ്ക്കുക.
* വീടിന് പുറത്ത് വിറക്, കോഴിക്കൂട്, മറ്റ് ഷെഡുകള്‍ പോലുള്ളവ മൂടി വെക്കാന്‍ ഉപയോഗിക്കുന്ന ടാര്‍ പോളിന് ഷീറ്റുകളുടെ മടക്കുകളില്‍ വെള്ളം കെട്ടി നില്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* എലിമൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കമുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുക.
* തണുത്തതും പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക.
* കമുകിന് തോട്ടങ്ങളില്‍ വീണ് കിടക്കുന്ന പാളകളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാന്‍ സാധ്യത ഉള്ളതിനാല്‍ പാളകള്‍ കീറി ഇടുകയോ ഒരു വള്ളിയില്‍ തൂക്കി ഇടുകയോ ചെയ്യേണ്ടതാണ്.
* ആവശ്യമായ സാഹചര്യങ്ങളില്‍ സ്പ്രേയിംഗ്, ഫോഗിംഗ് മുതലായവ ചെയ്യുക.
* കാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. അഥവാ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ ശരിയായ വിധത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
* പ്രതിരോധത്തിന്ന് വേണ്ടി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഡോക്സീസൈക്കിളിന്‍ ഗുളികകള്‍ കഴിക്കുക.
* വെള്ളത്തില്‍ നിന്ന് കയറിയതിന്ന് ശേഷം കാലുകള്‍ സോപ്പ് ഉപയോഗിച്ച് ചൂട് വെള്ളത്തില്‍ കഴുകുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കടിക്കുക.
* മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യുക.
* മലമൂത്ര വിസര്‍ജ്ജനത്തിന്ന് ശേഷം, കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
* ആഹാരം കഴിക്കന്നതിന്ന് മുമ്പും, കുട്ടികള്‍ക്ക് നല്കുന്നതിന്ന് മുന്‍പും പാത്രങ്ങള്‍, സ്പൂണ്‍ മുതലായവ ചൂടു വെള്ളത്തില്‍ കഴുകുക.
* സ്വയം ചികിത്സയ്ക്കു മുതിരാതെ അസുഖം വന്നാല്‍ ഉടന്‍ തന്നെ ശരിയായ വൈദ്യസഹായം തേടുക.
- Log in to post comments