Skip to main content

കോവിഡ് ആശുപത്രികളിൽ ഇൻഫർമേഷൻ സെന്ററുകൾ തുറക്കും

ജില്ലയിലെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങൾ ബന്ധുക്കൾക്കു ലഭ്യമാക്കുന്നതിന് ആശുപത്രികളിൽ ഇൻഫർമേഷൻ സെന്ററുകൾ ആരംഭിക്കും. 24 മണിക്കൂറും വിവരങ്ങൾ ഇവിടെനിന്നു ലഭ്യമാക്കും. വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണു തീരുമാനം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിലും കോളനികളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റു മേഖലകളിലും കോവിഡ് പരിശോധന ഊർജിതമാക്കാനും തീരുമാനമായി.

 

അതിഥി തൊഴിലാളികൾ, മുൻഗണനാ വിഭാഗക്കാർ എന്നിവർക്കുള്ള വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കും. ജനങ്ങൾക്കു സൗകര്യപ്രദമായി എത്തുന്നതിനും ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൊതുസ്ഥലങ്ങളിലേക്കു മാറ്റും. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡൊമിസിലിയറി കെയർ സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ജില്ലയിലെ എല്ലാ ഡൊമിസിലിയറി കെയർ സെന്ററുകളിലേയും സൗകര്യങ്ങൾ അടിയന്തരമായി സജ്ജമാക്കും. ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, എൽ.എൻ.സി.പി.ഇ. എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ അടിയന്തരമായി പ്രവർത്തനം ആരംഭിക്കും. ആരോഗ്യ പ്രവർത്തകരുടെ ലഭ്യത ഉറപ്പാക്കാൻ കേരള യൂത്ത് വെൽഫെയർ ബോർഡ് നൽകിയിട്ടുള്ള പട്ടികിൽനിന്നുള്ള മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഇൻസിഡന്റ് കമാൻഡർമാർ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ചേർന്നു യോഗങ്ങൾ സംഘടിപ്പിക്കണം. എല്ലാ പഞ്ചായത്തുകളിലും സാമൂഹിക അടുക്കളകൾ അടിയന്തരമായി പ്രവർത്തനം തുടങ്ങണം. വാർഡ്തല സമിതികളുടെ പ്രവർത്തനം ശക്തമാക്കണം. കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ അഡ്മിഷൻ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് വാർ റൂമിന്റേയും കോൾ സെന്ററിന്റേയും പ്രവർത്തനം വിപുലീകരിക്കും. നെടുമങ്ങാട് കേന്ദ്രീകരിച്ചു ആംബുലൻസ് കൺട്രോൾ റൂം തുറക്കാനും മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

 

ചുമതലയേറ്റ ശേഷം ആദ്യമായി കളക്ടറേറ്റിലെത്തിയ മന്ത്രിമാരെ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ, സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി, ചേതൻ കുമാർ മീണ, എ.ഡി.എം. ടി.ജി. ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date