Skip to main content

കോവിഡാനന്തര ആയുർവേദ ചികിത്സ  പദ്ധതികളുമായി കരുവാറ്റ പഞ്ചായത്ത്

 

ആലപ്പുഴ: കോവിഡ് രോഗം ഭേദമായതിനു ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതതകൾക്ക് പരിഹാരം കാണുന്നതിനായി കോവിഡാനന്തര ആയുർവ്വേദ ചികിത്സ പദ്ധതികളൊരുക്കി കരുവാറ്റ ഗ്രാമപഞ്ചായത്ത്. 'സ്‌നേഹാമൃതം', 'മധുരസായാഹ്നം' എന്നിങ്ങനെയുള്ള രണ്ട് പദ്ധതികളാണ് നടപ്പാക്കുന്നത്. 

16 വയസു വരെ പ്രായമുള്ള കുട്ടികളെ മൂന്നായി തരംതിരിച്ച് അവർക്ക് കോവിഡ് ഭേദമായതിന് ശേഷം നൽകുന്ന ആയുർവേദ ചികിത്സ പദ്ധതിയാണ് സ്‌നേഹാമൃതം. ഒന്നു മുതൽ മൂന്നുവയസ് വരെയും മൂന്നു മുതൽ എട്ടു വരെയും എട്ടു മുതൽ 16 വയസ് വരെയും മൂന്നായി തിരിച്ചാണ് ചികിത്സ. കോവിഡ് രോഗമുക്തിക്കു ശേഷം ലാബ് പരിശോധനകൾ നടത്തി ശാരീരിക ആസ്വസ്ഥതകളും മറ്റ് അസുഖങ്ങളും കണ്ടെത്തിയാണ് ചികിത്സ നിർദ്ദേശിക്കുക.

വിനോദം, യോഗ, വ്യായാമം, കൗൺസിലിംഗ് എന്നിവ സ്‌നേഹാമൃതം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ലഭ്യമാകുന്നതോടൊപ്പം ആവശ്യമായ ആയുർവേദ മരുന്നുകൾ, പോഷകാഹാരം എന്നിവയും എത്തിച്ചു നൽകും. ജൂൺ ആദ്യ വാരത്തോടെ ആരംഭിക്കുന്ന ചികിത്സാ പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ 52 കുട്ടികളെ പരിശോധനകൾക്ക് വിധേയമാക്കി. സമാനമായ രീതിയിൽ 75 വയസുള്ള വയോജനങ്ങൾക്ക് കോവിഡ് രോഗമുക്തിക്ക് ശേഷം വേണ്ട പരിശോധനകൾ നടത്തി ആയുർവേദ ചികിത്സ നൽകുന്ന പദ്ധതിയാണ് മധുരസായാഹ്നം. വിദഗ്ധരായ അഞ്ച് ആയുർവേദ ഡോക്ടർമാരുടെ പാനലാണ് പദ്ധതികൾക്ക്് നേതൃത്വം നൽകുന്നത്.

date