Skip to main content

മുഹമ്മയിൽ കോവിഡ് ഗൃഹവാസ പരിചരണ  കേന്ദ്രം തുറന്നു; 75 കിടക്കകൾ

 

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രം (ഡി.സി.സി.) തുറന്നു. കായിപ്പുറം ഗവൺമെന്റ് സംസ്‌കൃതം ഹൈസ്‌കൂൾ, യു.ഐ.ടി. എന്നിവടങ്ങളിലായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി. നിർവഹിച്ചു.

75 കിടക്കകളാണ് ഇവിടെയുള്ളത്. അഞ്ചു നഴ്‌സുമാരുടെ മുഴുവൻ സമയ സേവനവും ഉണ്ടാകും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണിത്. ടെലിമെഡിസിൻ സംവിധാനത്തിലൂടെ ഡോക്ടറുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ എത്തുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റു സേവനങ്ങളും സന്നദ്ധ പ്രവർത്തകർ വഴി നൽകും.

പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നസീമ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ഡി. വിശ്വനാഥൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം. ചന്ദ്ര, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ആശ പ്രവർത്തകർ, ആർ.ആർ.ടി. അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി വിനോദ് എന്നിവർ പങ്കെടുത്തു.

date