Skip to main content

ഒറ്റമശേരിയിൽ കടലാക്രമണം തടയാൻ ശാശ്വതപരിഹാരമുണ്ടാക്കും: മന്ത്രിമാർ

 

-മന്ത്രിമാർ ഒറ്റമശ്ശേരിയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു

ആലപ്പുഴ: കടക്കരപ്പള്ളി ഒറ്റമശേരിയിലെ കടലാക്രമണം തടയുന്നതിന് ശാശ്വത പരിഹാരം കാണുമെന്ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാനും കൃഷി മന്ത്രി പി. പ്രസാദും പറഞ്ഞു.  ഒറ്റമശേരിയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ഇവർ. കടലാക്രമണം തടയുന്നതിന് ജില്ലയ്ക്ക് അടിയന്തരമായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ വിഹിതവും ഒറ്റമശേരിക്ക് ലഭിക്കും. അടിയന്തരനടപടിക്കായി ഒമ്പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെണ്ടർ നടപടിയായിരുന്നു. കല്ല് ഇറക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസം പരിഹരിക്കാൻ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണ പ്രദേശങ്ങളിൽ പുതിയ സാങ്കേതിക വിദ്യയായ ടെട്രാപോഡ് ഉപയോഗിച്ചുള്ള സംരക്ഷണസംവിധാനമൊരുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ശാശ്വത പരിഹാരത്തിന് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ധകാരനഴി സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. തീരസംരക്ഷണം ഉറപ്പാക്കും. തീരദേശ ജനതയെ സംരക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രിമാർ പറഞ്ഞു. മന്ത്രിമാർ പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും സംസാരിച്ചു. 

കടലാക്രമണ പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കാണുന്നതിന് പുലിമുട്ട് നിർമിക്കുന്നതിനുമായി ചെന്നൈ ഐ.ഐ.ടി.യുടെ റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥിരമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അഡ്വ. എ.എം. ആരിഫ് എം.പി. പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ്, തഹസിൽദാർ പി.ജി. രാജേന്ദ്ര ബാബു, ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ബിനു ബേബി,  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം പി.ഐ ഹാരിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
 

date