Skip to main content

ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു:

കോവിഡ് ചികിത്സക്കും നിരീക്ഷണങ്ങള്‍ക്കുമായി ജില്ലയില്‍ 8,543 കിടക്കകളും അനുബന്ധ സൗകര്യങ്ങളും

കോവിഡ് രോഗികളുടെ ചികിത്സക്കും നിരീക്ഷണത്തിനുമായി ജില്ലയില്‍ ഒരുക്കിയത് 8,543 കോവിഡ് കിടക്കകളും അനുബന്ധ സൗകര്യങ്ങളും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്ന് കൂടുതല്‍ ചികിത്സാ, നിരീക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍-സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയത്. 76 കോവിഡ് ആശുപത്രികളാണ് നിലവില്‍ ജില്ലയിലുള്ളത്. ഇതില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ഏഴ് സര്‍ക്കാര്‍ ആശുപത്രികളും 69 സ്വകാര്യ ആശുപത്രികളുമാണ് കോവിഡ് ആശുപത്രികളാക്കി മാറ്റിയത്. കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യത്തോടെയുള്ള 192 എണ്ണം ഉള്‍പ്പെടെ 818 കിടക്കകളാണ് സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. 101 ഐ.സി.യു കിടക്കകളും 69 വെന്റിലേറ്ററുകളും സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്.

സ്വകാര്യ ആശുപത്രികളിലെ 2,016 കിടക്കകളില്‍ 640 കിടക്കകള്‍ കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യത്തോടെയുള്ളതാണ്. 329 ഐ.സി.യു കിടക്കകളും 140 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ ഒമ്പത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 38 കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യത്തോടെയുള്ളവ സഹിതം 1,073 കിടക്കള്‍ സജ്ജമാണ്. ഫസ്റ്റ് ലൈന്‍ സെന്ററുകളില്‍ ലഭ്യമായ കിടക്കകകളുടെ 27 ശതമാനമാണ് നിലവില്‍ രോഗികളുള്ളത്. 13 സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലുള്ള 485 കിടക്കകളില്‍ 37 ശതമാനം കിടക്കകളാണ് നിലവില്‍ രോഗികള്‍ ഉപയോഗിക്കുന്നത്. ഈ ചികിത്സാ കേന്ദ്രങ്ങളില്‍ 69 കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യമുള്ള കിടക്കകളും അഞ്ച് ഐ.സി.യു കിടക്കകളും സജ്ജമാണ്. ഇതിനു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ 111 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും (ഡൊമിസിലിയറി കെയര്‍ സെന്റര്‍) ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും കോവിഡ് പ്രതിരോധ-നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യാനുസരണം കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്കായി 4,151 കിടക്കകളാണ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഇത്തരം കേന്ദ്രങ്ങളില്‍ 25.42 ശതമാനം കിടക്കകളും കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
 

date