Skip to main content

ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ലോക്കാകാതെ അതിഥി തൊഴിലാളികള്‍

ജില്ലയില്‍ കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ അതിഥി തൊഴിലാളികളെ ചേര്‍ത്ത് പിടിക്കുകയാണ് തൊഴില്‍ വകുപ്പ്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, ചികിത്സ തുടങ്ങി അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും കരുതലും സഹായവുമേകി നിരവധി പദ്ധതികളാണ് തൊഴില്‍ വകുപ്പ് നടപ്പാക്കുന്നത്. ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ വകുപ്പ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നത്. ഇതിനോടകം 10,000 കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

ഒരു കിറ്റില്‍ അഞ്ച് കിലോ അരി, രണ്ട് കിലോ കടല, രണ്ട് കിലോ ആട്ട, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക് പൊടി, അഞ്ച് മാസ്‌കുകള്‍, പരിപ്പ് തുടങ്ങിയ വിഭവങ്ങളടങ്ങിയ ഭക്ഷ്യ കിറ്റാണ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി 16,500 ഭക്ഷ്യ കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. കിറ്റുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് എത്തിക്കുന്നത്. ഒരാള്‍ക്ക് മില്‍മയുടെ കവര്‍ പാല്‍ മൂന്നെണ്ണം വീതവും നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രജിസ്ട്രേഷന്‍ കിയോസ്‌കും ആരംഭിച്ചിട്ടുണ്ട്. തിരിച്ചു വരുന്നതും പോകുന്നതുമായ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനോടൊപ്പം ടിക്കറ്റ് എടുക്കാന്‍ വേണ്ട സൗകര്യങ്ങളും മറ്റും സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയില്‍ കോവിഡിന്റെ രണ്ടാം ഘട്ട രോഗവ്യാപനത്തിന്റെ ആരംഭത്തില്‍ തന്നെ ജില്ലാ തൊഴില്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ''അതിഥി കണ്‍ട്രോള്‍ റൂം'' പ്രവര്‍ത്തിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, കോവിഡ് സംബന്ധമായ പ്രശ്‌നങ്ങളും സംശയങ്ങളും, കോവിഡ് വാക്സിനേഷന്‍, നാട്ടിലേക്ക് തിരിച്ചു പോകുന്നത് തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയനിവാരണങ്ങള്‍ക്കും ജില്ലാ തൊഴില്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ കണ്‍ട്രോള്‍ റൂമില്‍ സേവനം ലഭ്യമാണ്.

ഇതിനോടകം ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലുമെത്തി തൊഴിലാളികള്‍ക്ക് കോവിഡ് ബോധവത്കരണ ക്ലാസുകളും നല്‍കി. തൊഴിലാളികള്‍ക്ക് മാസ്‌കും സാനിറ്റെസറും വിതരണം ചെയ്തിട്ടുമുണ്ട്. സംശയ നിവാരണങ്ങള്‍ക്കായി ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 0483 2734814, 9446670657

 

date