Skip to main content

ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

കോവിഡ് മഹാമാരി കാലത്ത് ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തില്‍ മുടക്കം വരുത്താതെ സിവില്‍ സപ്ലൈസ് വകുപ്പ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും വകുപ്പിന്റെ കീഴില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് ആര്‍ക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകാത്തിരിക്കാനായി പൊതു വിതരണ ശൃംഖലകള്‍ വഴിയും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ വഴിയും സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ്. കൂടാതെ സപ്ലൈകോ വഴി അതിഥി തൊഴിലാളികള്‍ക്കും സ്‌കൂളുകള്‍ വഴി പ്രൈമറി തലം മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് മൂന്നുമാസത്തില്‍ ഒരിക്കല്‍ എന്ന രീതിയിലാണ് കിറ്റുകള്‍ നല്‍കുന്നത്.

ലോക്ക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ ജില്ലയുടെ പല സ്ഥലങ്ങളിലും എത്തിക്കുന്നതില്‍ വീഴ് വരാതിരിക്കുന്നതിനായി ചരക്ക് നീക്കം സുഖമമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപന തോത് കൂടി വരുന്ന സാഹചര്യത്തില്‍ റേഷന്‍ കടകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് തടയുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൊബൈല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ താലൂക്ക് അടിസ്ഥാനത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കടകളില്‍ ആളുകളുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ റേഷന്‍ കാര്‍ഡിലെ നമ്പറിന്റെ ക്രമത്തില്‍ ഭക്ഷ്യ വസ്തുക്കള്‍, കിറ്റ് വിതരണം എന്നിവ ക്രമപ്പെടുത്തിയാണ് നല്‍കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയില്‍ താലൂക്ക് തലത്തില്‍ രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡുകള്‍ കടകളിലെത്തി പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഏഴ് താലൂക്കുകളിലായി 500 ഓളം വ്യാപാര സ്ഥാപനങ്ങളില്‍ ഇതിനോടകം സ്‌ക്വാഡ് പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചതായി ഡി.എസ്.ഒ കെ.രാജീവ് പറഞ്ഞു.

date