Skip to main content

ജൈവകൃഷിയിലേക്ക് കർഷകരെ ആകർഷിക്കാൻ മതിലകം ബ്ലോക്ക് കൃഷിഭവൻ

 

ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കർഷകരെ ജൈവകൃഷിയിലേക്ക് ആകർഷിക്കാൻ നൂതന പദ്ധതിയുമായി മതിലകം ബ്ലോക്ക് കൃഷിഭവൻ. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (ബി പി കെ പി) സുഭിക്ഷം സുരക്ഷിതം വഴിയാണ് അവസരമൊരുക്കുന്നത്. ഇതനുസരിച്ച് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ വരുന്ന എടവിലങ്ങ്, എറിയാട്, കയ്പമംഗലം, എടത്തിരുത്തി, പെരിഞ്ഞനം, മതിലകം, എസ് എൻ പുരം എന്നീ പഞ്ചായത്തുകളിലെ 
കർഷകർക്കാണ് ജൈവകൃഷിയ്ക്കായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.

നിലവിൽ ജൈവകൃഷി ചെയ്തു കൊണ്ടിരിക്കുന്നവർക്കോ,  ജൈവകൃഷിയില്ലല്ലെങ്കിലും ജൈവ കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവർക്കോ സുഭിക്ഷം സുരഭിലം പദ്ധതിയിൽ അംഗമാകാം.  കൃഷിയിടത്തിൻ്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ  ജൈവകൃഷി രീതിയിലേയ്ക്ക് മാറ്റാൻ താല്പര്യമുള്ളവർക്കും കുറഞ്ഞത് അഞ്ച് സെൻ്റെങ്കിലും സ്വന്തമായി സ്ഥലമുള്ളവർക്കും അപേക്ഷിക്കാം. പദ്ധതിയിൽ അംഗമാകുന്നത് വഴി വിവിധ ജൈവകൃഷി മാർഗ്ഗങ്ങളെ സംബന്ധിച്ച അറിവും പരിശീലനവും കർഷകർക്ക് നൽകുകയും ജൈവകൃഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയുംചെയ്യും. 

പദ്ധതിയിൽ അംഗങ്ങളാകുന്നതിലൂടെ ശാസ്ത്രീയ ജൈവകൃഷി സംബന്ധിച്ച അറിവുകൾ കർഷകർക്ക് ലഭിക്കും. കൂടാതെ തങ്ങളുടെ ജൈവ ഉല്പന്നങ്ങൾ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടെ വിൽക്കുന്നതിനും അവസരം ലഭിക്കും. മൂന്ന് വർഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയിൽ ചേരുന്നവർക്ക് മറ്റ് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മുൻഗണന ഉണ്ടാകും. ജൈവ ഉല്പന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദേശിക്കുന്ന പി ജി എസ് മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. നിലവിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവർക്ക് ജൈവ ഉല്പന്നങ്ങൾ സർക്കാർ മുദ്രണത്തോടെ വിൽക്കാനും ഇതുവഴി സാധിക്കുന്നു.

date