Skip to main content

സാമൂഹിക സന്നദ്ധ സേന സ്റ്റാർ ടാസ്ക് ഫോഴ്സിൻറെ കണ്ട്രോൾ റൂം സന്ദർശിച്ച് ജില്ല കളക്ടർ

 

ആലപ്പുഴ: ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയായ സ്റ്റാർ ടാസ്ക് ഫോഴ്സിന്റെ ആലപ്പുഴ ആർ.ഡി.ഒ ഓഫീസിൽ ആരംഭിച്ച കൺട്രോൾ റൂം ജില്ലാ കളക്ടർ എ. അലക്സാണ്ടർ സന്ദർശിച്ചു.  സാമൂഹിക സന്നദ്ധ സേനയുടെ ജില്ലയിലെ കഴിഞ്ഞ എട്ടു മാസത്തെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഒരു ലക്ഷം പ്രവർത്തന മണിക്കൂറുകൾ എന്ന സുവർണനേട്ടം കൈവരിച്ചതിന് എല്ലാ സന്നദ്ധ സേന സ്റ്റാർ വോളന്റിയർമാരെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു. 
കാലാവർഷ ഭീഷണി നേരിടുന്നതിനായി ദുരന്ത നിവാരണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സാമൂഹിക സന്നദ്ധ സേന വോളൻറിയർമാരെ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടത്തിന് കീഴിൽ പ്രതിരോധം ശക്തിപ്പെടുത്താനായി രൂപീകരിച്ച‌ സേനയാണ് സ്റ്റാർ ടാസ്ക് ഫോഴ്സ്. ജില്ലാ ഭരണകൂടത്തിന്റെ ക്രൈസിസ് റെസ്പോൺസ് ടീമായിട്ടാണ് നിലവിൽ ഇവർ പ്രവർത്തിക്കുന്നത്.

കൺട്രോൾ റൂമിന്റെ പ്രവർത്തന രീതികളെ കുറിച്ചുള്ള വിവരങ്ങൾ ഡെപ്യൂട്ടി കമാൻഡൻഡ് ജിബിൻ ബാബു വിശദീകരിച്ചു.  സബ് കളക്ടറും സന്നദ്ധ സേന സ്റ്റാർ കമാന്ററുമായ എസ്. ഇലക്യ സന്നിഹിതയായിരുന്നു.

date