Skip to main content

പ്രതിരോധ-വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം- മന്ത്രി ജെ. ചിഞ്ചുറാണി

കോവിഡ് പ്രതിരോധം, തീരസംരക്ഷണം അടക്കമുള്ള  പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് ആലപ്പാട് മേഖലയിലെ  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏകോപിപ്പിക്കണമെന്ന് എ.എം. ആരിഫ് എം.പി. നിര്‍ദേശിച്ചു. ശാസ്താംകോട്ട താലൂക് ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങള്‍ വിപുലപ്പെടുത്തണമെന്നും കിഴക്കേ കല്ലടയിലെ ചിറവരമ്പ് പദ്ധതി രൂപീകരണം ഉടന്‍ നടത്തണമെന്നും ഉള്ള നിര്‍ദേശമാണ് കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ നല്‍കിയത്.
ശക്തികുളങ്ങരയില്‍ പ്രകൃതിക്ഷോഭം നേരിടുന്നതിനായി ജിയോബാഗ് സ്ഥാപിക്കുന്നതിന്റെയും ചവറ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങളുടെ പുരോഗതിയും ഡോ. സുജിത് വിജയന്‍ പിള്ള എം.എല്‍.എയുടെ ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി യോഗം വിലയിരുത്തി. പുനലൂര്‍ മേഖലയില്‍ കാലവര്‍ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കി നഷ്ടപരിഹാര തുക എത്രയും വേഗം ലഭ്യമാക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പി. എസ്. സുപാല്‍ എം.എല്‍.എ യോഗത്തിലവതരിപ്പിച്ചു. തോട്ടം മേഖലയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നും മലയോര ഹൈവേയിലെ ഇടിഞ്ഞു വീണ ഭാഗങ്ങളുടെ പുനര്‍നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
കാലാവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് കുണ്ടറ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് പി. സി. വിഷ്ണുനാഥ് എം.എല്‍.എ. നല്‍കിയത്. ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിലും പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിലും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ആധുനിക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ സജീവ ഇടപെടലുകള്‍ പ്രധാനമാണ്, കലക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ യോഗത്തിലവതരിപ്പിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1315/2021)
 

date