Skip to main content

സ്‌ക്വാഡ് പരിശോധന: 53 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 53 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊല്ലം തഹസീല്‍ദാര്‍ വിജയന്‍,  ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി. ദേവരാജന്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ ചിന്നക്കട, കടപ്പാക്കട, പാര്‍വത്യാര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങളില്‍നിന്ന് പിഴയീടാക്കുകയും എട്ട് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി താലൂക്കിലെ ചവറ, കരുനാഗപ്പള്ളി, നീണ്ടകര, തേവലക്കര, തെക്കുംഭാഗം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 10 സ്ഥാപനങ്ങളില്‍നിന്നും പിഴ ഈടാക്കുകയും 78 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. തഹസീല്‍ദാര്‍ കെ. ജി. മോഹനന്റെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
കുന്നത്തൂര്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ താലൂക്കിലെ വിവിധ ഇടങ്ങളില്‍  പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ ഒന്‍പത് സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. 59 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കരയിലെ നെടുവത്തൂര്‍, പുത്തൂര്‍, കുളക്കട, കലയപുരം തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധന നടന്നു. മാനദണ്ഡ ലംഘനം കണ്ടെത്തിയ 32 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 141 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ജി. അജേഷ്, സതീഷ് കെ.ഡാനിയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പത്തനാപുരം, പട്ടാഴി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി.എസ്.കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുനലൂര്‍ തഹസീല്‍ദാര്‍ പി.വിനോദ് രാജിന്റെ നേതൃത്വത്തില്‍ അറയ്ക്കല്‍, കരവാളൂര്‍, മാത്ര, വെഞ്ചേമ്പ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1317/2021)
 

date