Skip to main content

ഇലന്തൂരില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു 

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൃഹപരിചരണ കേന്ദ്രം ഇലന്തൂര്‍ ഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജ് ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് കെട്ടിടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ജോണ്‍സണ്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ജീവനക്കാര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കേന്ദ്രത്തില്‍ 40 കിടക്കകളാണ് സജ്ജികരിച്ചിട്ടുള്ളത്. സ്‌കൂള്‍ കോളേജ് കെട്ടിടം ഡൊമിസിലിയറി കെയര്‍ സെന്ററായി പരിവര്‍ത്തനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെ യുവജന സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് നടത്തിയത്. പഞ്ചായത്തിലെ ജനകീയ ഹോട്ടല്‍ മുഖേന ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുകയും ഗ്രാമപഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക് മുഖേന അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നു.  വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വോളന്റിയര്‍മാര്‍, കുടുംബശ്രീ,അങ്കണവാടി പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ്, ആര്‍ആര്‍ടി അംഗങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വാര്‍ഡ്തല മോണിറ്ററിംഗ് സമിതികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിയന്ത്രണവും ഏറ്റെടുത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുകയാണ്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണങ്ങളിലും നിലവില്‍ സഹകരിച്ചു വരുന്ന പൊതുജനങ്ങള്‍ ആയത് തുടര്‍ന്ന് നല്‍കി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

date