Skip to main content

കോവിഡ് വിമുക്തര്‍ക്കായി താനൂരിലും താനാളൂരിലും ഉന്നതി പദ്ധതിക്ക് തുടക്കം

കോവിഡ് വിമുക്തരായവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഉന്നതി' പദ്ധതിക്ക് താനൂര്‍ നഗരസഭയിലും താനാളൂര്‍ പഞ്ചായത്തിലും തുടക്കമായി. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡാനന്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ഫിസിയോതെറാപ്പി ചികിത്സ മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായവും നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഉന്നതി. കോവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ബൃഹത്തായ പദ്ധതിയാണിത്.

കോവിഡ് രോഗ വിമുക്തരിലുണ്ടാകുന്ന തളര്‍ച്ച, ക്ഷീണം, ശ്വാസ സംബന്ധമായ അസുഖങ്ങള്‍, നാഡീ പ്രശ്നങ്ങള്‍ എന്നിവക്ക്  പരിഹാരം കാണാന്‍  ഓണ്‍ലൈനിലൂടെ ചികിത്സ ലഭ്യമാക്കും. ഡോക്ടര്‍മാരെ കാണുന്നതിനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശം നല്‍കും. 20 ഫിസിയോതെറാപ്പിസ്റ്റുമാര്‍ ഉള്‍പ്പെടുന്ന പാനലാണ് ഇത്തരം കാര്യങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുക. താനൂര്‍ നഗരസഭയില്‍ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീന്‍, കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ഡോ. റിയാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. സ്വപ്ന അനീഷ്, ഡോ. മുര്‍ഷിദ, ഡോ. ഗുലാബ് എന്നിവര്‍ പങ്കെടുത്തു. താനാളൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, ഡോ. സ്വപ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

date