Skip to main content

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്

 

ആലപ്പുഴ : കോവിഡ് നിയന്ത്രണത്തിന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് രൂപം കൊടുത്തിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജാഗ്രത സാമഗ്രികൾ വിതരണം ചെയ്യുന്നതിന്റെയും ഭാഗമായി 10 ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഓരോ പഞ്ചായത്തുകളിലേയും സർക്കാർ സ്ഥാപനങ്ങളും വീടുകളും അണുവിമുക്തമാക്കുന്നതിനായി സ്പ്രേയറുകൾ വിതരണം ചെയ്യും. കരുതലിന്റെ ഭാഗമായി പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലെയും കോവിഡ് രോഗ ബാധിതർക്ക് പരിശോധനയ്ക്കായി പൾസ് ഓക്സിമീറ്ററുകൾ വരും ദിവസങ്ങളിൽ ആശാ പ്രവർത്തകർക്ക് വഴി വിതരണം ചെയ്യും.

വാർഡ്തല ജാഗ്രത സമിതി, ആരോഗ്യപ്രവർത്തകർ, വോളണ്ടിയർമാർ എന്നിവർക്ക് സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, പി പി ഇ കിറ്റുകൾ തുടങ്ങിയ പ്രതിരോധ സാമഗ്രികളും പദ്ധതിയുടെ ഭാഗമായി നൽകും. ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി കോവിഡ് സംശയനിവാരണത്തിനായി ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നൂറനാട് പഞ്ചായത്തിൽ 270 കിടക്കളോടെയുള്ള സി.എഫ്.എൽ.റ്റി.സി.യും ചുനക്കര പഞ്ചായത്തിൽ 50 കിടക്കകളുള്ള ഡി.സി.സിയുമുണ്ട്. മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൻറെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപയും നൽകിയിട്ടുണ്ട്.

date