Skip to main content

കോവിഡ് പ്രതിരോധം കരുനാഗപ്പള്ളിയില്‍ അതിഥി തൊഴിലാളികള്‍ക്കായി ഡി.സി.സി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി മോഡല്‍ സ്‌കൂളില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള ഗൃഹവാസ പരിചരണകേന്ദ്രം പ്രവര്‍ത്തന സജ്ജമായി. 100 കിടക്കകളാണുള്ളത്. അതിഥി തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന മേഖലകളില്‍ കോവിഡ് വ്യാപന സാധ്യത കൂടുതലായതിനാലാണ് ജില്ലയില്‍ അവര്‍ക്കായി പ്രത്യേക ഡി.സി.സികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് ഇവിടെ പരിചരിക്കുന്നത്. ആവശ്യമെങ്കില്‍ ഇവരെ മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ശാസ്താംകോട്ടയിലെ കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 കിടക്കകളോട്  കൂടിയ ഡി.സി.സി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.  വാര്‍ഡുതലത്തില്‍ ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചു കോവിഡ്  പ്രതിരോധ മരുന്നുകള്‍ നല്‍കുന്നുണ്ട്. ഓക്‌സിജന്‍ സംവിധാനത്തോടുകൂടിയ നാല് ആംബുലന്‍സുകളുടെ സേവനം ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി പറഞ്ഞു.
പുനലൂര്‍ നഗരസഭയില്‍ ഗ്രേസിംഗ് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ 75 പേര്‍ക്ക് കോവിഡ് ആന്റിജന്‍ പരിശോധന നടത്തി. ഇന്ന് (ജൂണ്‍ 3) ആരംപുന്ന ഗവ എല്‍. പി. എസില്‍ പരിശോധന നടത്തും. കോവിഡ് വ്യാപന സാധ്യത കൂടി മുന്നില്‍കണ്ട് ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നഗരസഭയില്‍ ഊര്‍ജ്ജിത മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നാലിന് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അഞ്ചിന്  വാര്‍ഡുതല ശുചീകരണവും നടത്തും. ഇതിനായി എല്ലാ വാര്‍ഡുകളിലും കുടുംബശ്രീ, ആര്‍.ആര്‍.ടി, ഗ്രീന്‍ വോളന്റിയേഴ്‌സ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ആറിന് വീടുകളും പരിസരവും ശുചീകരിക്കും. ക്ലസ്റ്ററുകള്‍ രൂപീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍  അജൈവ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്ക് എന്നിവ ഗ്രീന്‍ വോളന്റിയേഴ്‌സ് നേരിട്ട് സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൗജന്യ ഓണ്‍ലൈന്‍ യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ഹര്‍ഷ കുമാര്‍  നിര്‍വഹിച്ചു. കോവിഡ് രോഗബാധിതര്‍ക്കും രോഗമുക്തി നേടിയവര്‍ക്കുമാണ് പരിശീലനം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അരമണിക്കൂര്‍ വീതമാണ് ക്ലാസ്. 13 വയസ്സു മുതല്‍ 18 വയസുവരെവരെയുള്ളവര്‍ക്കായി പ്രത്യേക പരിശീലനവുമുണ്ട്. എന്‍.എസ്.ഡി.സി യോഗ പരിശീലകന്‍  രാജീവ് പരിപാടിക്ക് നേതൃത്വം നല്‍കും.
(പി.ആര്‍.കെ നമ്പര്‍.1352/2021)
 

date