Skip to main content

കിടപ്പ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഡോക്ടേഴ്‌സ് ചലഞ്ചുമായി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഡോക്ടേഴ്‌സ് ചലഞ്ചുമായി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്. ഡോക്ടര്‍മാര്‍ നേരിട്ട് വീട്ടില്‍ എത്തി കിടപ്പു രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതാണ് പദ്ധതി. പതിനാലോളം ആരോഗ്യപ്രവര്‍ത്തകരാണ് ഡോക്ടേഴ്‌സ് ചലഞ്ചുമായി സഹകരിച്ച് മുന്നിട്ടിറങ്ങിയത്. ഏകദേശം 300 ഓളം കിടപ്പുരോഗികളാണ് പഞ്ചായത്തിലുള്ളത്. കോവിഡ് വാര്‍ റൂമിലേക്ക് വരുന്ന ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച തോറും ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി രോഗിയെ പരിശോധിച്ച് ആവശ്യമായ ചികിത്സയും, മരുന്നും നല്‍കും. എട്ട് ഡോക്ടര്‍മാരും ആറ് നഴ്‌സുമാരുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തിലുള്ളത്. ഇവര്‍ക്കൊപ്പം ആര്‍. ആര്‍. ടി അംഗങ്ങളും ട്രോമാ കെയര്‍ പ്രവര്‍ത്തകരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ്.

കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കിടപ്പു രോഗികള്‍ക്ക് പെട്ടെന്ന് ആശുപത്രി സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് ഡോക്ടേഴ്‌സ് ചലഞ്ചിന് തുടക്കമിട്ടതെന്നും രോഗികള്‍ക്ക് ആവശ്യമായ എല്ലാ മരുന്നുകളും കൃത്യമായി എത്തിച്ചു നല്‍കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഡോക്ടേഴ്‌സ് ചലഞ്ചിനൊപ്പം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോവിഡ് രോഗികള്‍ക്കായി ടെലികൗണ്‍സലിംഗും നടത്തുന്നുണ്ട്. 20 ലക്ഷം രൂപയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്.

date